ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പത്താം വാർഡിന്റെ ചുമതലക്കാരി സർവീസിൽ നിന്നും വിരമിക്കുകയാണ്. 32 വർഷത്തെ സേവനത്തിനു ശേഷമാണ് ഹെഡ് നഴ്സ് ചുമതലയിൽ നിന്ന് കുമാരനെല്ലൂർ സ്വദേശിനിയായ ജലജാ മണി വിരമിക്കുന്നത്.
പത്താം വാർഡിലെ ഹെഡ് നഴ്സ് വിരമിക്കുന്നതു ചികിത്സയിൽ കഴിഞ്ഞവരെ നൊന്പരപ്പെടുത്തുകയാണ്. വാർഡിന്റെ പ്രവേശന കവാടം കടന്ന് വാർഡിന്റെ ഉള്ളിൽ പ്രവേശിക്കുന്നതുവരെയും അതിനുശേഷവും ഈ വാർഡിന്റെ മനോഹാരിത കണ്ട് പലരും ചോദിക്കും ഇതു സർക്കാർ ആശുപത്രി തന്നെയാണോയെന്ന്.
പ്രവേശന കവാടത്തിൽ രോഗികളെ സ്വാഗതം ചെയ്യുന്നത് വരാന്തയുടെ ഇരുവശങ്ങളിലും വച്ചിരിക്കുന്ന മനോഹരമായ ചെടികൾ. നടന്നു വരാൻ ചുവപ്പ് പരവധാനി. അകത്ത് പ്രവേശിച്ചാൽ എഫ്എം റേഡിയോയിൽ നിന്നുളള ഗാനങ്ങൾ; അതും രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിൽ നിശ്ചിത സമയങ്ങളിൽ.
കൂടാതെ വാർഡിനുള്ളിൽ രോഗികൾക്കും കൂട്ടിരിപ്പ്കാർക്കും വായിക്കാൻ വിവിധ പത്രമാസികകൾ. കുടിക്കാൻ ശുദ്ധീകരിച്ച വെള്ളം, ബാഗുകൾ സൂക്ഷിക്കാൻ അലമാരകൾ, കളർഫുൾ ജനൽ കർട്ടൻ, അക്വേറിയം, വൃത്തിയുള്ള കിടക്കകൾ… അതിശയിപ്പിക്കുന്ന സംവിധാനം.
ഈ സംവിധാനം പൂർത്തികരിച്ച ജലാജാമണിയാണ് 31നു മെഡിക്കൽ കോളജിൽ നിന്നു പടിയിറങ്ങുന്നത്. ജലാജാമണിയുടെ ആവശ്യപ്രകാരം നവജീവൻ ട്രസ്റ്റി പി.യു.തോമസാണ് വാർഡ് മനോഹരമാക്കിയത്. വാർഡിന്റെ മനോഹാരിത കണ്ട് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ വാങ്ങി നൽകിയതാണ് ചുവപ്പ് പരവതാനി.
ന്യൂറോ സർജറി, അസ്ഥിരോഗ വിഭാഗം എന്നി വിഭാഗങ്ങളിലെ സ്ത്രീ രോഗികളെ കിടത്തുന്നതാണ് വാർഡ്. ന്യൂറോ സർജറി മേധാവി ഡോ. പി.കെ.ബാലകൃഷ്ണൻ, അസ്ഥിരോഗ മേധാവിയായിരുന്ന ഡോ. എം.എ. തോമസ്, അസ്ഥിരോഗ വിഭാഗം യൂണിറ്റ് ചീഫ് ഡോ. എം.സി. ടോമിച്ചൻ എന്നിവരുടെ പൂർണ പിന്തുണയിലാണ് വാർഡ് മനോഹരമാക്കിയത്.
കോവിഡ് രോഗികൾ കൂടുതലായി വന്നാൽ അവർക്കു വേണ്ടി ഒരു മാസമായി ഇവിടം അടച്ചിട്ടിരിക്കുകയാണ്.