സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു കൂടുതൽ മൃതദേഹങ്ങൾ എത്തുന്നതിനാൽ പോസ്റ്റുമോർട്ടങ്ങൾ വൈകുന്നു. ലോക്ഡൗണ്‍ ഇളവിന് ശേഷം പോസ്റ്റുമോർട്ടം കേസുകളിൽ വർധനവുണ്ടായിരിക്കുന്നുവെന്നാണ് അധികൃതർ പറയുന്നത്.
അസ്വഭാവിക മരണം സംഭവിച്ച കേസുകളിൽ പോസ്റ്റുമോർട്ടത്തിനു മുന്‍പ് കോവിഡ് സ്രവപരിശോധന നടത്തണമെന്ന നിർദേശം ഫോറൻസിക് വിഭാഗം പുറപ്പെടുവിച്ചിരുന്നുവെങ്കിലും പോസറ്റുമോർട്ടത്തിനെത്തുന്ന മിക്ക മൃതദേഹങ്ങളിലും കോവിഡ് സ്രവ പരിശോധന നടക്കുന്നില്ലെന്നതാണു യാഥാർഥ്യം.
മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നുള്ള അസ്വഭാവിക മരണങ്ങൾ സംഭവിച്ചവരേയും പോസ്റ്റുമോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കാണു കൊണ്ടുവരുന്നത്.
കോവിഡ് സ്രവപരിശോധന നടത്തണമെന്ന നിർദ്ദേശം എവിടെയും പാലിക്കപ്പെടുന്നില്ലെന്നും ആരോപണമുണ്ട്. എണ്ണം വർധിച്ചതോടെ പോസ്റ്റുമോർട്ടം ഒരു ദിവസം വരെ വൈകുന്നുണ്ട്.