സ്വന്തം ലേഖകന്‍
കോഴിക്കോട്: സ്വര്ണപ്പണയത്തിന്മേലുള്ള കാര്‍ഷികവായ്പ മോറട്ടോറിയം ആനൂകൂല്യത്തോടെ നീട്ടിയെങ്കിലും വായ്പ എടുത്തവര്‍ക്ക് ദുരിതംതന്നെ. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് ഒന്നുമുതല്‍ മേയ് 31 വരെ തിരിച്ചടവ് കാലാവധി തീരുന്ന സബ്സിഡിവായ്പകള്ക്കായിരുന്നു കാലാവധി നീട്ടിയത്.
എന്നാല്‍ ബാങ്കുകളില്‍ ഫണ്ട് എത്താതതുമൂലം പലര്‍ക്കും 7.85 ശതമാനം നിരക്കില്‍തന്നെ ഇപ്പോള്‍ പലിശ അടയ്ക്കേണ്ടഅവസ്ഥയാണ്. സബ്സിഡി പിന്നീട് അതാത് അക്കൗണ്ടുകളില്‍ എത്തിക്കോളും എന്ന മറുപടിയാണ് പലര്‍ക്കും ബാങ്കുകളില്‍നിന്നു ലഭിക്കുന്നത്. അതായത് മൂന്നുമാസത്തെ പലിശയും കൂട്ടുപലിശയും തിരിച്ചടയ്ക്കണം.
വായ്പ ക്ലോസ് ചെയ്യുകയാണെങ്കില്‍ മുഴുവന്‍ തുകയും. ബാങ്കുകളില്‍ ഫണ്ട് എത്തുന്ന മുറയ്ക്ക് മാത്രം സബ്സിഡി നല്‍കുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ദുരിതകാലത്ത് നാലായിരം രൂപ (ഒരു ലക്ഷത്തിന്) അടയ്ക്കേണ്ട സ്ഥാനത്താണ് ഇത്രയും തുക അടയ്ക്കേണ്ടിവരുന്നത്. ഇതിനെതിരേ വായ്പ എടുത്തവര്‍ രംഗത്തെത്തി.
ഒരു ലക്ഷത്തിന് നാലായിരം രൂപ അടയ്ക്കേണ്ട സ്ഥാനത്ത് 31 നുശേഷം എത്തുന്നവര്‍ എണ്ണായിരം രൂപയോളം അടയ്ക്കണം. സ്വര്ണപ്പണയത്തിന്മേലുള്ള നാലുശതമാനം പലിശനിരക്കിലുള്ള കാര്‍ഷിക വായ്പ മാര്‍ച്ച് 31 നു ശേഷം ലഭ്യമാകില്ലെന്ന് നേരത്തെ കേന്ദ്രസര്‍ക്കാർ അറിയിച്ചിരുന്നു.
അതിനാല്‍ പലരും ഈ തീയതിക്കുമുന്പുതന്നെ വായ്പ തിരിച്ചടയ്ക്കാന്‍ തയാറായിരുന്നു. എന്നാല്‍, റിസർവ് ബാങ്ക് മോറട്ടോറിയം പ്രഖ്യാപിച്ചതോടെ പലരും മൂന്നുമാസത്തിനകം വായ്പ തിരിച്ചടച്ചാല്‍ മതിയെന്ന ആശ്വാസത്തിലായിരുന്നു.
എന്നാല്‍ ബാങ്കുകളില്‍നിന്നു സന്ദേശം എത്തിയതോടെയാണ് ഈ കാലയളവിലെ പലിശയും കൂട്ടുപലിശയും കൂടി ആദ്യം അടയ്ക്കേണ്ടിവരുമെന്ന് ബോധ്യമായത്. മോറട്ടോറിയം കാലത്തെ പലിശകൂടി ആദ്യംതന്നെ ദേശസാത്കൃതബാങ്കുകള്‍ വാങ്ങുന്നത് നീതികരിക്കാന്‍ കഴിയുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
മാത്രമല്ല, ബാങ്കുകളിലെ തിരക്ക് ഒഴിവാക്കാന്‍ കോവിഡ്കാലത്ത് വായ്പ തിരിച്ചടയ്ക്കാന്‍ എത്തിയവരെ പോലും അധികൃതര്‍ മടക്കി അയയ്ക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്. മേയ് 31 നുശേഷവും മോറട്ടോറിയം മൂന്നുമാസത്തേക്കു കൂടി നീട്ടിയെങ്കിലും ഇതുമായി ബന്ധപ്പെട്ട ഉത്തരവ് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.