മട്ടന്നൂർ: അർധരാത്രിയിൽ ചാവശേരി വട്ടക്കയം ആക്കാംപറമ്പിൽ എക്സൈസ് നടത്തിയ പരിശോധനയിൽ ചാരായ വാറ്റു കേന്ദ്രം കണ്ടെത്തി. ചെങ്കല്ല് ക്വാറിയിൽ നിന്ന് 135 ലിറ്റർ ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി.
കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മട്ടന്നൂർ റെയ്ഞ്ചും ഇരിട്ടി എക്സൈസ് സർക്കിൾ പാർട്ടിയും സംയുക്തമായി ഇന്നലെ അർധരാത്രി നടത്തിയ പരിശോധനയിലാണ് വാഷും വാറ്റുപകരണങ്ങളും കണ്ടെത്തിയത്.
ഇരുട്ടിൽ ദുർഘടം പിടിച്ച വഴിയിലൂടെ സാഹസികമായി വാറ്റു സംഘത്തിനടുത്ത് എത്തിയെങ്കിലും എക്സൈസുകാരെ കണ്ട് നാലുപേരടങ്ങുന്ന വാറ്റുകാർ ഓടി രക്ഷപ്പെടുകയായിരുന്നു.
പ്രതികളെക്കുറിച്ച് അന്വേഷണം നടത്തി വരികയാണ്. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ബഷീർ പിലാട്ട്, സിവിൽ എക്സൈസ് ഓഫീസർമാരായ വി.എൻ.സതീഷ്, ഡി.ജെ.ബിജു, നെൽസൺ ടി. തോമസ്, കെ.വി.ബെൻഹർ എന്നിവർ പങ്കെടുത്തു.