പയ്യന്നൂര്‍: ഗതാഗതക്കുരുക്ക് പതിവായ ദേശീയപാതയിലെ പയ്യന്നൂര്‍ പെരുമ്പ ജംഗ്ഷന്റെ നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചു. ദേശീയപാതയില്‍നിന്നും പയ്യന്നൂര്‍ ടൗണിലേക്ക് പ്രവേശിക്കുന്ന പെരുമ്പ ജംഗ്ഷന്റെ വികസനത്തിനായി 98 ലക്ഷം രൂപ ചെലവില്‍ നടക്കുന്ന പ്രവൃത്തികളാണ് ആരംഭിച്ചത്.
പൊതുമരാമത്ത് വകുപ്പിന്റെയും ദേശീയ പാതയുടേയും കീഴിലുള്ള സ്ഥലങ്ങള്‍ ഉപയോഗിച്ചാണ് ജംഗ്ഷന് വിപുലീകരിക്കുന്നത്. പെരുമ്പ പാലം മുതല്‍ മലബാര്‍ ഗോള്‍ഡ് വരെയുള്ള പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലങ്ങളാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്.
വീതികൂട്ടലുള്പ്പെടെയുള്ള നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാവുന്നതോടെ ജംഗ്ഷനിലെ ഗതാഗത കുരുക്കുകള്‍ക്ക് പരിഹാരമാകും. നിലവില്‍ ഇവിടെ സ്ഥലപരിമിതി മൂലം ട്രാഫിക് സിഗ്നലുകള്‍ ഉള്‍പ്പെടെ സ്ഥാപിക്കാന്‍ കഴിയാത്ത പ്രശ്നമുണ്ടായിരുന്നു. നവീകരണത്തിന്റെ ഭാഗമായി ട്രാഫിക് ഐലൻഡും സോളാര്‍ ലൈറ്റുകളും സ്ഥാപിക്കും.
പിഡബ്ല്യുഡി ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന പഴയ കെട്ടിടം നവീകരണത്തിന്റെ ഭാഗമായി നേരത്തെ പൊളിച്ച് നീക്കിയിരുന്നു.ഈ സ്ഥലംകൂടി ഉപയോഗപ്പെടുത്തിയാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
പയ്യന്നൂര്‍ താലൂക്ക് വികസന സമിതി യോഗത്തില്‍ പെരുമ്പയിലെ ഗതാഗത പ്രശ്നങ്ങള്‍ക്കും അപകടങ്ങള്‍ക്കും പരിഹാരമുണ്ടാക്കണമെന്ന ആവശ്യം പലവട്ടമുയര്ന്നിരുന്നതാണ്. ജംഗ്ഷന് നവീകരിക്കുന്നതോടെ ഇവിടുത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.