കോഴിക്കോട്: വയനാട്ടില്‍ ജനിച്ച് ദേശീയ രാഷ്ട്രീയത്തില്‍ വരെ എത്തിയ വീരേന്ദ്രകുമാറിന്റെ കര്‍മ മണ്ഡലം കോഴിക്കോടായിരുന്നു. അരനൂറ്റാണ്ടിലേറെക്കാലമായി കോഴിക്കോട് കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം.
വയനാട്ടുകാരനായിട്ടും കോഴിക്കോടിന്റെ പാര്ലമെന്റംഗമായുള്ള പ്രവര്ത്തനാനുഭവും വീരേന്ദ്രകുമാറിനുണ്ട്. 1991, 1996 , 2004 വര്‍ഷങ്ങളില്‍ പാര്‍ലമെന്റിലേക്ക് കോഴിക്കോട് നിന്നാണ് മത്സരിച്ചത്. ഇതില്‍ 1996, 2004 ലും അദ്ദേഹം വിജയിച്ചു. 1991 -ല്‍ കെ.മുരളീധരനോടായിരുന്നു അദ്ദേഹം മത്സരിച്ചത്. ഇതില്‍ പരാജയപ്പെടുകയായിരുന്നു.
പിതാവ് പത്മപ്രഭ ഗൗഡറുടെ സോഷ്യലിസ്റ്റ് ആദര്‍ശങ്ങള്‍ കണ്ടാണ് വീരേന്ദ്രകുമാറിന്റെ രാഷ്ട്രീയ പ്രവേശം. കോഴിപ്പുറത്ത് മാധവമേനോന് എതിരെ ഗൗഡര്‍ മത്സരിക്കുമ്പോള്‍ പ്രചാരണത്തിന്റെ ഭാഗമായി പ്രസംഗിക്കാന്‍ ജയപ്രകാശ് നാരായണ്‍ കോഴിക്കോട്ടു വന്നു.
ഗൗഡറോടൊപ്പം പതിനഞ്ചു വയസുകാരന് വീരേന്ദ്രകുമാറും അദ്ദേഹത്തെ കാണാന്‍ പോയതിനെ തുടര്‍ന്നാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്.
പിന്നെ കേന്ദ്രമന്ത്രി പദത്തില്‍ വരെ എത്താന്‍ അദ്ദേഹത്തിന് സാധിച്ചു. റാം മനോഹര്‍ ലോഹ്യയും എ.കെ.ഗോപാലനുമാണ് വീരേന്ദ്രകുമാറിനെ ഏറെ സ്വാധിനിച്ച വ്യക്തികള്‍.
രാഷ്ട്രീയ നേതാവായി വളരുന്നതിനിടെയായിരുന്നു അടിയന്തരാവസ്ഥ. അടിയന്തരാവസ്ഥക്കെതിരേ നടത്തിയ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. സോഷ്യലിസ്റ്റ് ചിന്താഗതിയുമായി പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് ഇടത് പ്രസ്ഥാനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചു.
രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പല ഘട്ടത്തിലും ഇടതുപക്ഷവുമായി ഭിന്നതയുണ്ടായി. പല വിരുദ്ധനിലപാടുകളും അദ്ദേഹം പ്രകടിപ്പിച്ചു.
പ്രസംഗത്തിലും എഴുത്തിലുമെല്ലാം വിയോജിപ്പ് പ്രകടമായി. വര്‍ഷങ്ങള്‍ക്ക് ശേഷം പിന്നീട് വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ 2009 ല്‍ ഐക്യജനാധിപത്യ മുന്നണിയുടെ ഭാഗമായി. അതോടെ കാല്‍നൂറ്റാണ്ടു പിന്നിട്ട എല്‍ഡിഎഫ് ബന്ധത്തിനു ഇതോടെ വീണ്ടും തിരശീല വീണു.
മുന്നണിയെന്ന നിലയില്‍ പതിറ്റാണ്ടുകള്‍ എല്‍ഡിഎഫിനൊപ്പം പ്രവര്‍ത്തിച്ച വീരേന്ദ്രകുമാറിന് യുഡിഎഫിന്റെ സമീപനങ്ങളും ശൈലിയും ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുണ്ടാക്കി. 2014 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് യുഡിഎഫ് വിടാനുള്ള ആക്കം കൂട്ടി.
രാജ്യസഭാംഗമായിരിക്കേ 2018 മാര്‍ച്ച് 24ന് അംഗത്വം രാജിവച്ച് വീണ്ടും എല്‍ഡിഎഫിന്റെ ഭാഗമാവുകയും സ്വതന്ത്ര അംഗമായി വീണ്ടും രാജ്യസഭയില്‍ എത്തുകയും ചെയ്തു. ഒട്ടേറെ പിളര്‍പ്പുകളും ലയനങ്ങളും കണ്ട പാര്‍ട്ടിയായിരുന്നു ജനതാദള്‍.
കേരളത്തിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയ ചരിത്രത്തിനു ദേശീയമുഖം നല്കി 2014 ഡിസംബറിലാണ് എം.പി. വീരേന്ദ്രകുമാര്‍ നയിക്കുന്ന സോഷ്യലിസ്റ്റ് ജനത (ഡമോക്രാറ്റിക്) ദേശീയ പാര്‍ട്ടിയായ ജനതാദളില്‍ (യു) ലയിച്ചത്. തുടര്‍ന്നിങ്ങോട്ട് വീരേന്ദ്രകുമാര്‍ സംസ്ഥാന പ്രസിഡനന്റുമായി.
എഴുത്തിനെ പ്രണയിച്ച രാഷ്ട്രീയാചാര്യന്
കോഴിക്കോട്: അക്ഷരങ്ങളുടെ തീക്ഷണത കൊണ്ട് എഴുത്തിന്റെ ലോകത്ത് തിളങ്ങിയ രാഷ്ട്രീയ പ്രമുഖനായിരുന്നു എം.പി.വീരേന്ദ്രകുമാര്‍. രാഷ്ട്രീയ രംഗത്ത് തന്റേതായ ശൈലി രചിച്ച വീരേന്ദ്രകുമാര്‍ സാഹിത്യരംഗത്തും വ്യക്തി മുദ്ര പതിപ്പിച്ച നേതാവായിരുന്നു.
മലയാള സഞ്ചാര സാഹിത്യത്തിന് ആദ്യമായി കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയെടുത്തത് വീരേന്ദ്രകുമാറിന്റെ തൂലികകൊണ്ടാണ്. രാഷ്ട്രീയവും സാഹിത്യവും രണ്ടല്ലെന്ന് വിശ്വസിച്ചുകൊണ്ടായിരുന്നു അദ്ദേഹം ജീവിച്ചത്.
രണ്ടിലും സര്ഗാത്മകതയുണ്ടെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം പുസ്തകങ്ങളേയും എഴുത്തിനേയും പ്രണയിച്ചു. വരികള്‍ക്കിടയില്‍ ഒരിക്കല്‍ പോലും രാഷ്ട്രീയം കലര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചിരുന്നില്ല.
ജനസേവകനായി ജീവിതം തുടരുമ്പോഴും എഴുതാനും വായിക്കാനും അദ്ദേഹം പ്രത്യേക സമയം കണ്ടെത്തി. വായിക്കാനും എഴുതാനും സമയമില്ലെന്ന അവസ്ഥ അദ്ദേഹം സൃഷ്ടിച്ചിരുന്നില്ല. സമയമില്ലെന്നത് നാം ഓരോരുത്തരും സൃഷ്ടിക്കുന്നതാണെന്നും എല്ലാറ്റിനും സമയമുണ്ടെന്നും എന്നാല്‍ അത് ചെലവഴിക്കാന്‍ പഠിക്കണമെന്നുമായിരുന്നു അദ്ദേഹം പറയാറുള്ളത്.
രാഷ്ട്രീയ പ്രവര്‍ത്തനത്തനവുമായി ബന്ധപ്പെട്ടുള്ള യാത്രകളിലൂടെയായിരുന്നു അദ്ദേഹം വായിക്കാനുള്ള സമയം കണ്ടെത്തി. അത് പിന്നീട് എഴുതുമാവുനുള്ള ചവിട്ടുപടിയായി മാറുകയും ചെയ്തു.
രാഷ്ട്രീയത്തെ ക്കുറിച്ചും സാമ്പത്തികം, മതം, ദര്‍ശനം, സാഹിത്യ, സമൂഹ്യ ശാസ്ത്രം ചരിത്രം തുടങ്ങി സര്‍വമേഖലകളിലും എഴുത്തിലൂടെ അദ്ദേഹം സഞ്ചരിച്ചു. അത് വായനക്കാര്‍ ഏറ്റെടുക്കയും ചെയ്തു. വ്യത്യസ്ത തലങ്ങളിലേക്ക് എഴുത്തിലൂടെ സഞ്ചരിക്കുമ്പോഴും അദ്ദേഹത്തിന് ഏറ്റവും പ്രിയം സഞ്ചാര സാഹിത്യം ആയിരുന്നു.
മലയാളത്തില്‍ ഒരു സഞ്ചാര സാഹിത്യത്തിന് ആദ്യമായി കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുന്നതും വീരേന്ദ്രകുമാറിന്റെ തൂലികയില്‍ ജന്മമെടുത്ത കൃതിക്കായിരുന്നു.
ഹൈമവത ഭൂവില്‍ എന്ന പുസ്തകത്തിലൂടെയാണ് അദ്ദേഹത്തെ തേടി കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരമെത്തിയത്. സന്ദര്‍ശിക്കുന്ന രാജ്യങ്ങളുടെ ചരിത്രവും സംസ്കാരവും മനസിലാക്കുകയും അവയെ കുറിച്ച് എഴുതുകയും ചെയ്യുന്നത് വീന്ദ്രകുമാറിന്റെ ശീലമായിരുന്നു.
വയനാടിനു നഷ്ടമായതു പകരംവയ്ക്കാനില്ലാത്ത ജനനായകൻ
കൽപ്പറ്റ: എം.പി.വീരേന്ദ്രകുമാർ എംപിയുടെ നിര്യാണത്തോടെ വയനാടിനു നഷ്ടമായത് പകരംവയ്ക്കാനില്ലാത്ത ജനനായകൻ. രാഷ്ട്രീയ നേതാവ് എഴുത്തുകാരൻ, ചിന്തകൻ, പ്രഭാഷകൻ, ജനപ്രതിനിധി, പരിസ്ഥിതി സംരക്ഷകൻ എന്നീ നിലകളിൽ നക്ഷത്രശോഭ പരത്തിയ വ്യക്തിത്വമായിരുന്നു ‘വീരൻ’ എന്നു അടുപ്പക്കാർ വിളിക്കുന്ന വീരേന്ദ്രകുമാറിന്റേത്.
എടക്കൽ ഗുഹയുടെ സംരക്ഷണത്തിനു അദ്ദേഹം നൽകിയ സംഭാവനകൾ മാത്രം മതിയാകും വയനാടൻ ജനതയുടെ മനസിൽ അദ്ദേഹം എക്കാലവും ജീവിക്കാൻ. ചരിത്രസ്മാരകമായ എടക്കൽ ഗുഹ സ്ഥിതിചെയ്യുന്ന അന്പുകുത്തി മലനിരയെ കരിങ്കൽ ക്വാറി മാഫിയ കാർന്നുതിന്നുന്നതിനു തടയിട്ടവരുടെ കൂട്ടത്തിലെ പ്രധാനിയാണ് വീരേന്ദ്രകുമാർ.
വീരേന്ദ്രകുമാർ എന്ന സോഷ്യലിസ്റ്റ് രാഷ്ട്രീയക്കാരനെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചിരുന്നവർ നിരവധിയാണ്. പക്ഷേ, അവർക്കെല്ലാം വീരേന്ദ്രകുമാർ എന്ന എഴുത്തുകാരനോടും പ്രഭാഷകനോടും ചിന്തകനോടും അളവറ്റ ബഹുമാനമാണ് ഉണ്ടായിരുന്നത്. എഴുത്തിന്റെ വഴിയിൽ തലയെടുപ്പോടെനിന്ന അദ്ദേഹം പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിലും മടി കാട്ടിയിരുന്നില്ല.
വയനാട്ടിലെ കൽപ്പറ്റയ്ക്കടുത്ത പുളിയാർമല സ്വദേശിയാണ് വീരേന്ദ്രകുമാർ. ജില്ലയുടെ രൂപീകരണത്തിലുൾപ്പടെ മുഖ്യപങ്ക് വഹിച്ച അദ്ദേഹം വർഷങ്ങളോളം രാജ്യസഭയിൽ ജില്ലക്കുവേണ്ടി ശബ്ദമുയർത്തി. റോഡുകളുടെയും പാലങ്ങളുടെയും നിർമാണം കൂടുതൽ കരുത്താർജിച്ചതും ഗ്രാമീണമേഖലകളിലേക്ക് വ്യാപിപ്പിച്ചതും അദ്ദേഹം നേതാവായിരുന്ന കാലത്തായിരുന്നു.
പരിസ്ഥിതിയോടുള്ള കരുതൽ എന്നും മനസിൽ സൂക്ഷിച്ചിരുന്ന അദ്ദേഹം 1987 ൽ മന്ത്രിയായി അധികാരമേറ്റയുടനെ വനത്തിൽനിന്നും മരംമുറിക്കുന്നതിന് നിരോധനമേർപ്പെടുത്തി. തുടർന്ന് രണ്ട് ദിവസത്തിനുള്ളിൽ രാജിവക്കുമ്പോഴും ആ ഉത്തരവ് വയനാടിനോടുള്ള അദ്ദേഹത്തിന്റെ കരുതൽ തന്നെയായിരുന്നുവെന്ന് മനസിലാക്കാം.
ഇതോടോപ്പം തന്നെ ജില്ലയുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി സ്കൂൾ, കോളജ്, ഐടിഐ തുടങ്ങിയവ സ്ഥാപിക്കുന്നതിനായി ശ്രദ്ധേയമായ ഇടപെടലുകളും ഉണ്ടായി. നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കാപ്പി കർഷകർക്കായി ശബ്ദമുയർത്തിയ അദ്ദേഹം അവരുടെ പൊതുവായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കർഷകരെ സംഘടിപ്പിച്ച് നടത്തിയ സമരങ്ങൾ ശ്രദ്ധേയമായിരുന്നു.
ബാണാസുര ഡാം നിർമാണവേളയിലും അദ്ദേഹത്തിന്റെ കരുതൽ ജനങ്ങൾക്കിടയിലുണ്ടായിരുന്നു. വൻതോതിൽ ഭൂമി ഏറ്റെടുത്തപ്പോൾ ഒറ്റപ്പെട്ടുപോയ കുടുംബങ്ങളുടെ ഭൂമി കെഎസ്ഇബിയിൽ സമ്മർദം ചെലുത്തി ഏറ്റെടുപ്പിക്കുവാനും പുനരധിവസിപ്പിക്കുവാനും സാധിച്ചു. കേന്ദ്രമന്ത്രിയായിരുന്നപ്പോഴും ജില്ലയോടുള്ള കരുതൽ അദ്ദേഹത്തിനുണ്ടായിരുന്നു.