കൊച്ചി: ട്രെയിന്‍മാര്‍ഗം എറണാകുളത്തെത്തിയ തൃശൂര്‍ സ്വദേശിനിയായ 80 വയസുകാരിയുടെ ആരോഗ്യസ്ഥിതി ഗുരുതരം. ഇന്നലെ പുലര്‍ച്ചെ മുംബൈയില്‍നിന്നുമാണ് ഇവര്‍ എത്തിയത്. ശ്വാസതടസം മൂലം കളമശേരി മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തിരുന്നു.
വിശദമായ പരിശോധനയില്‍ ഇവര്‍ക്ക് പ്രമേഹം മൂര്‍ച്ഛിച്ചതു മൂലമുള്ള ഡയബറ്റിക് കീറ്റോ അസിഡോസിസ് ഉള്ളതായും ന്യൂമോണിയ ബാധിച്ചിട്ടുള്ളതായും വൃക്കകളുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനത്തില്‍ സാരമായ പ്രശ്നങ്ങളുള്ളതായും കണ്ടെത്തി. മെഡിക്കല്‍ കോളജിലെ പിസിആര്‍ ലാബില്‍ നടത്തിയ ഇവരുടെ കോവിഡ് പരിശോധനാ ഫലവും പോസിറ്റീവ് ആണ്.
ന്യൂമോണിയ മൂലം ശ്വാസതടസം നേരിടുന്നതിനാല്‍ കൃത്രിമ ശ്വാസോഛ്വാസമുള്പ്പടെയുള്ള ചികിത്സ നല്കി വരുന്നതായി അധികൃതര്‍ അറിയിച്ചു. ഇവര്‍ മെഡിക്കല്‍ ഐസിയുവില്‍ കോവിഡ് ചികിത്സാ നോഡല്‍ ഓഫീസറും വൈസ് പ്രിന്‍സിപ്പലുമായ ഡോ. എ. ഫത്താഹുദ്ദീന്റെ നേതൃത്വത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ ചികിത്സയിലാണ്.
ഇവര്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും, ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുകയാണെന്നും മെഡിക്കല്‍ കോളജ് ആര്‍എംഒ ഡോ. ഗണേശ് മോഹന്‍ അറിയിച്ചു. ഇന്നലെ ആലപ്പുഴ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയും നിലവില്‍ എറണാകുളത്താണ് ചികിത്സയിലുള്ളത്.
കഴിഞ്ഞ 26 ലെ കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 31 വയസുള്ള ആലപ്പുഴ സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് അന്ന് തന്നെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കുകയായിരുന്നു. ഇന്നലെ 438 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.
നിരീക്ഷണ കാലയളവ് അവസാനിച്ച 228 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 8,063 ആയി. ഇതില്‍ 119 പേര് ഹൈ റിസ്ക് വിഭാഗത്തിലും, 7,944 പേര് ലോ റിസ്ക് വിഭാഗത്തിലുമാണ്. 13 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 19 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഇതോടെ ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 61 ആയി. ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് 19 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. കളമശേരി മെഡിക്കല്‍ കോളജില്‍ 15 പേരും ഐഎന്‍എസ് സഞ്ജീവനിയില്‍ നാലുപേരുമാണ് ചികിത്സയിലുള്ളത്.
രോഗം സ്ഥിരീകരിച്ചവരില്‍ പത്തുപേര്‍ എറണാകുളം സ്വദേശികളും പാലക്കാട്, കൊല്ലം, തൃശൂര്‍, ആലപ്പുഴ, ഉത്തര്‍പ്രദേശ്, ലക്ഷ്വദ്വീപ്, മധ്യപ്രദേശ്, ബംഗാള്‍, രാജസ്ഥാന് എന്നിവിടങ്ങളില്‍നിന്നുള്ള ഒരോരുത്തരും ഉള്‍പ്പെടുന്നു. ജില്ലയില്‍നിന്നും 289 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇതില്‍ 147 എണ്ണം സമൂഹവ്യാപനം ഉണ്ടോ എന്നറിയാനായി സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി ശേഖരിച്ചവയാണ്. ഇന്നലെ 72 പരിശോധന ഫലങ്ങള്‍ ലഭിച്ചപ്പോള്‍ ഇനി 303 ഫലങ്ങള്‍ കൂടി ലഭിക്കാനുണ്ട്.
ജില്ലയിലെ 23 കോവിഡ് കെയര്‍ സെന്ററുകളിലായി 797 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കൂടാതെ 247 പേര് പണം നല്കി ഉപയോഗിക്കാവുന്ന കോവിഡ് കെയര്‍ സെന്ററുകളിലും നിരീക്ഷണത്തിലുള്ളതായും അധികൃതര്‍ അറിയിച്ചു.