ഞാന്‍ പാമ്പിനെ ഭാര്യയുടെ ദേഹത്തേക്ക് എറിഞ്ഞില്ല എന്ന് പ്രതി പറഞ്ഞാല്‍ പ്രൊസിക്യൂഷന് മറിച്ചു തെളിയിക്കാന്‍ കയ്യിലൊന്നുമില്ല ! പ്രതി തനിക്ക് പാമ്പിനെ കൈകാര്യം ചെയ്യാന്‍ അറിയുകയേ ഇല്ല എന്നു പറഞ്ഞാല്‍ എന്തു ചെയ്യും? ഉത്ര കൊലക്കേസിലെ പ്രതി സൂരജിന് ശിക്ഷ കിട്ടാന്‍ സാദ്ധ്യത വളരെ കുറവെന്ന് വിശദീകരിച്ച് ടി.ജി മോഹന്‍ദാസ്…

ഉത്ര വധക്കേസിലെ പ്രതി സൂരജിന് ശിക്ഷ കിട്ടാനുള്ള സാധ്യത വളരെ കുറവാണെന്ന് ടി.ജി മോഹന്‍ദാസ്. നമ്മുടെ ക്രിമിനല്‍ നിയമം, തെളിവ് നിയമം.. ഇതൊക്കെ കുറ്റാരോപിതന് ആവുന്നത്ര രക്ഷപെടാന്‍ കഴിയുന്ന വിധത്തിലാണ്. ഏതെങ്കിലും ഒരു ചെറിയ സംശയം മതി അതിന്റെ ആനുകൂല്യം പ്രതിക്കു കിട്ടുമെന്നും ടി.ജി മോഹന്‍ദാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു…

ടി.ജി മോഹന്‍ദാസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ…

ഉത്ര വധം

ഉത്രയുടെ വധത്തില്‍ സൂരജിന് ശിക്ഷ കിട്ടാന്‍ സാധ്യത വളരെ കുറവാണ്. നമ്മുടെ ക്രിമിനല്‍ നിയമം, തെളിവ് നിയമം.. ഇതൊക്കെ കുറ്റാരോപിതന് ആവുന്നത്ര രക്ഷപെടാന്‍ കഴിയുന്ന വിധത്തിലാണ്. ഏതെങ്കിലും ഒരു ചെറിയ സംശയം മതി അതിന്റെ ആനുകൂല്യം പ്രതിക്കു കിട്ടും.

സൗമ്യയെ തള്ളിയിട്ടോ അതോ സ്വയം ചാടിയോ എന്ന് ഉറപ്പില്ലാത്തതിന്റെ ആനുകൂല്യം പറ്റിയാണ് ചാള്‍സ് (ഗോവിന്ദച്ചാമി) തൂക്കുകയറില്‍ നിന്ന് രക്ഷപെട്ടത്.

ധാരാളം കൊലപാതകക്കേസുകളില്‍ പ്രതികള്‍ ഇങ്ങനെ രക്ഷപെടുന്നതു കാണാം. ഇപ്പോള്‍ കിട്ടിയ വിവരം വെച്ച് നോക്കിയാല്‍ സൂരജും രക്ഷപെടാനുള്ള സാധ്യത കാണുന്നു

ദൃക്‌സാക്ഷി ഇല്ലാത്ത കൊലപാതകം തെളിയിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. സാഹചര്യത്തെളിവുകള്‍ യുക്തിഭദ്രമായും സംശയാതീതമായും കോര്‍ത്തിണക്കുന്ന വളരെ ദുര്‍ഘടം പിടിച്ച വഴിയാണത്.

ഉത്രവധത്തിന് ദൃക്‌സാക്ഷികളില്ല. പൊലീസിന് പ്രതി കൊടുക്കുന്ന മൊഴി കോടതിയില്‍ സ്വീകാര്യവുമല്ല. പൊലീസിന്റെ മര്‍ദ്ദനം ഭയന്ന് പറഞ്ഞുപോയ മൊഴിയായിട്ടേ പ്രതി അതിനെപ്പറ്റി പറയാന്‍ സാധ്യതയുള്ളൂ.


മൂര്‍ഖനെ ഒരു മുറിയില്‍ ചുമ്മാ തുറന്നു വിട്ടാല്‍ അവിടെ കട്ടിലില്‍ ഉറങ്ങുന്ന ആളിനെ അത് കടിക്കുമോ? മനുഷ്യരോടിണങ്ങുന്ന ഒരു ജീവിയല്ല മൂര്‍ഖന്‍ – അതിനോട് ഒരു പ്രത്യേക ആളിനെ കൊത്തണം എന്ന് പറഞ്ഞു ചെയ്യിക്കാന്‍ പറ്റില്ലല്ലോ? പിന്നെ ആകെ സാധ്യത സൂരജ് മൂര്‍ഖനെ ഉത്രയുടെ ശരീരത്തിലേക്ക് ഇറക്കി വിടുന്നു.

ഭയന്നുണരുന്ന ഉത്ര മൂര്‍ഖനെ കൈകൊണ്ട് തട്ടുന്നു. കൊത്തു കിട്ടുന്നു. ഉഗ്രവിഷമായതിനാല്‍ മിനിറ്റുകള്‍ക്കകം ഉത്ര മരിക്കുന്നു…


ഇത് ഒരു സാധ്യതയാണ്. പക്ഷേ സാധ്യതയോ സംശയമോ ഒന്നും തെളിവല്ല. Suspicion, howsoever strong, will not be treated as evidence എന്നതാണ് നിയമം.

ഞാന്‍ പാമ്പിനെ ഭാര്യയുടെ ദേഹത്തേക്ക് എറിഞ്ഞില്ല എന്ന് പ്രതി പറഞ്ഞാല്‍ പ്രൊസിക്യൂഷന് മറിച്ചു തെളിയിക്കാന്‍ കയ്യിലൊന്നുമില്ല! പാമ്പുവിഷം പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞിരിക്കുന്നു.

പക്ഷേ അത് ഈ പാമ്പിന്റെ തന്നെയാണ് എന്ന് എങ്ങനെ തെളിയിക്കും? വലിയൊരു പ്രശ്‌നമാണത്.

തല്ലിക്കൊന്നു കുഴിച്ചിട്ടു ചീഞ്ഞുപോയ പാമ്പിന്റെ പല്ലില്‍ മരിച്ചയാളിന്റെ മാംസം കിട്ടി എന്നതും വിശ്വസനീയമല്ല.

കൊത്താനായി മാത്രം പുറത്തേക്ക് വരുന്ന, വളഞ്ഞ സിറിഞ്ച് പോലുള്ള വിഷപ്പല്ലാണ് പാമ്പിനുള്ളത്. മില്ലി സെക്കന്റ് കൊണ്ട് കൊത്തി വിഷം ചീറ്റി ആ രണ്ടു പല്ലുകള്‍ തിരിച്ചു പോകും.

കടിയേറ്റ ആളിന്റെ മാംസം പോയിട്ട് രക്തം പോലും പാമ്പിന്റെ പല്ലില്‍ നിന്ന് കിട്ടില്ല – അതും ഇത്രയും ദിവസങ്ങള്‍ക്ക് ശേഷം…

ഇനി അടുത്ത പ്രശ്‌നം നോക്കൂ… പ്രതി തനിക്ക് പാമ്പിനെ കൈകാര്യം ചെയ്യാന്‍ അറിയുകയേ ഇല്ല എന്നു പറഞ്ഞാല്‍ എന്തു ചെയ്യും? യൂട്യൂബില്‍ നിന്ന് പഠിക്കാന്‍ ശ്രമിച്ചു, മറ്റാരുടെയെങ്കിലും അടുത്ത് ട്രെയ്‌നിങ് നേടി എന്നൊക്കെ വാദിച്ചാല്‍ പാമ്പുപിടുത്തം പഠിക്കാന്‍ ശ്രമിച്ചു എന്നേ ആകുന്നുള്ളൂ – പഠിച്ചു എന്ന് വരുന്നില്ല.

ഒരാള്‍ക്ക് വിമാനം പറത്താന്‍ അറിയില്ല എന്ന് പറഞ്ഞാല്‍ അറിയാം എന്ന് ആര്‍ക്കെങ്കിലും തെളിയിക്കാന്‍ പറ്റുമോ?

ചെവി കേള്‍ക്കാം കണ്ണു കാണാം എന്നൊക്കെ തെളിയിക്കാന്‍ വഴിയുണ്ട്. പക്ഷേ പാമ്പു പിടുത്തം അറിയാം എന്ന് തെളിയിക്കാന്‍ വഴിയില്ല – ദൃക്‌സാക്ഷിയുമില്ല.

അടുത്തത് ഇപ്പോള്‍ പ്രതിക്കെതിരാണ് എന്ന് നമ്മളൊക്കെ കരുതുന്ന തെളിവുകളാണ്. ഒരു തവണ കോണിപ്പടിയില്‍ അണലിയെക്കണ്ടു – പിന്നൊരിക്കല്‍ ഉത്രയെ പാമ്പ് കടിച്ചു തുടങ്ങിയ വസ്തുതകള്‍..

ഇത് ആ പരിസരത്ത് പാമ്പുശല്യം ഉണ്ടായിരുന്നു എന്നതിന്റെ തെളിവായിട്ടായിരിക്കും പ്രതിഭാഗം വാദിക്കുക. അതൊക്കെ പ്രതി കൊണ്ടുവന്ന പാമ്പുകളായിരുന്നു എന്ന് എങ്ങനെ തെളിയിക്കും?

അപ്പോള്‍ പ്രതി കൊണ്ടുവന്നോ പറമ്പിലുണ്ടായിരുന്നോ എന്ന സംശയം ബാക്കിയാവുന്നു ഒരു വസ്തുതയ്ക്ക് രണ്ടു വ്യാഖ്യാനം സാധ്യമെങ്കില്‍ അതില്‍ പ്രതിക്കനുകൂലമായ വ്യാഖ്യാനമേ എടുക്കാവൂ എന്നാണ് നിയമം.

ഇവിടെയും പ്രതി രക്ഷപെടും. എല്ലാം കഴിയുമ്പോള്‍ വല്ല വന്യജീവി സംരക്ഷണ നിയമം ലംഘിച്ചതിന്റെ പേരിലോ മറ്റോ ശിക്ഷ കിട്ടിയാലായി.

ഇപ്പോള്‍ കിട്ടിയ വിവരം വെച്ച് പറഞ്ഞാല്‍ സേതുരാമയ്യര്‍ കേസന്വേഷിച്ച് നന്ദഗോപാല്‍ മാരാര്‍ വാദിച്ചാല്‍ മാത്രം ജയിക്കുന്ന കേസാണിത്!

പക്ഷേ കേരളാപൊലീസില്‍ സമര്‍ത്ഥരായ കുറ്റാന്വേഷകരുണ്ട്. അവര്‍ ഈ കടമ്പകള്‍ താണ്ടും എന്ന് പ്രതീക്ഷിക്കാം. അത്യന്തം ദാരുണമായ ഈ കൊലപാതകത്തിന്റെ ഉത്തരവാദികള്‍ രക്ഷപെട്ടു കൂടാ.

Related posts

Leave a Comment