ചാലക്കുടി: നഗരസഭ ഭരണകക്ഷിയിലെ അഭിപ്രായഭിന്നത സിപിഐ കൗണ്‍സിലർ ജീജൻ മത്തായിയുടെ രാജിഭീഷണി. ഇന്ന് ഉച്ചയ്ക്കു രണ്ടിന് താൻ കൗണ്‍സിലർ സ്ഥാനം രാജിവയ്ക്കുമെന്നു കാണിച്ച് നഗരസഭയുടെ വാട്ട്ആപ്പ് ഗ്രൂപ്പിലാണ് ജീജൻ മത്തായി രാജിഭിഷണി മുഴക്കിയിരിക്കുന്നത്.
“”അടുത്ത മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ആരോടൊപ്പം എന്ന് ഉറപ്പില്ലാത്ത ചിലരെ സംരക്ഷിക്കുന്പോഴും അവരുടെ താത്പര്യങ്ങൾക്ക് അമിത പ്രാധാന്യം നൽകി നടക്കുന്പോഴും എന്നും എപ്പോഴും കൂടെ ഉണ്ടാകുമെന്ന് ഉറപ്പുള്ളവരുടെ ജനകീയ ആവശ്യങ്ങൾ പോലും പലവട്ടം ആവർത്തിച്ചാവശ്യപ്പെട്ടിട്ടും നടപ്പാക്കാത്തവരുടെ നിലപാടിൽ പ്രതിഷേധിച്ചാണ് ഇന്നു രണ്ടിനു ഞാൻ കൗണ്‍സിൽ സ്ഥാനം രാജിവയ്ക്കുന്നത്.
എന്റെ വാർഡിലെ വികസന പ്രവർത്തനങ്ങളിലുള്ള അവഗണനയിൽ പ്രതിഷേധമുണ്ടെന്നും” ജീജൻ മത്തായി വാട്ട്ആപ്പിൽ പറയുന്നു. തച്ചുടപ്പറന്പ് ഇരട്ടക്കുളം റോഡ് നിർമാണം സംബന്ധിച്ച് ഇന്നലെ ചേർന്ന കൗണ്‍സിൽ യോഗത്തിൽ സിപിഐ അംഗങ്ങൾ നിശബ്ദത പാലിച്ചിരുന്നു. ഇതിനു മുന്‍പത്തെ കൗണ്‍സിലിൽ ഇവർ കറുത്ത മാസ്കു ധരിച്ചാണു പ്രതിഷേധവുമായി എത്തിയിരുന്നത്.
2018-19 വർഷങ്ങളിലെ പ്രളയദുരന്തത്തിൽ നാശനഷ്ടം സംഭവിച്ച നഗരസഭയിലെ റോഡുകളുടെ പുനരുദ്ധാരണത്തിനു സർക്കാർ അനുവദിച്ച 1.60 കോടി രൂപ ഭരണകക്ഷി അംഗങ്ങളുടെ വാർഡുകൾക്കു മാത്രം നൽകിയപ്പോഴും തന്റെ വാർഡിനെ അവഗണിച്ചതിൽ ജീജൻ പ്രതിഷേധത്തിലായിരുന്നു.
നഗരസഭ ഭരണത്തിൽ ഇടതുമുന്നണിയിലെ ധാരണയനുസരിച്ചു വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറന്പിൽ വൈസ് ചെയർമാൻ സ്ഥാനം രാജിവയ്ക്കാതിരുന്നതിലും സിപിഐ പരസ്യമായി പ്രതിഷേധിച്ചിരുന്നു.
അടുത്തു നടക്കാൻ പോകുന്ന നഗരസഭ തെരഞ്ഞെടുപ്പിൽ സിപിഐയുടെ സിറ്റിംഗ് വാർഡുകളിൽ സിപിഎംകാർ മത്സരിക്കാൻ ശ്രമിക്കുന്നതിലും സിപിഐ കടുത്ത പ്രതിഷേധത്തിലാണ്.