കണ്ണൂർ: സൈനികരുടെ ക്വാറന്റൈൻ കേന്ദ്രമായ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകരോട് ഇന്നു മുതൽ ജോലിക്ക് ഹാജരാകാൻ ഉത്തരവ്.
കേന്ദ്രീയ വിദ്യാലയത്തിലെ അവധി ഇന്നലെയോടെ അവസാനിച്ചു. ഇന്നു മുതൽ അൻപത് ശതമാനം അധ്യാപകരോടാണ് ജോലിക്ക് ഹാജരാകാൻ നിർദേശിച്ചത്. കണ്ണൂർ ഡിഎസ്സിയുടെ ക്വാറന്റൈൻ കേന്ദ്രമായി മേയ് 23 മുതൽ കേന്ദ്രീയ വിദ്യാലയം പ്രവർത്തിക്കുകയാണ്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 100 സൈനികർ കേന്ദ്രീയ വിദ്യാലയത്തിൽ ക്വാറന്റൈനിൽ ഉണ്ട്. ജൂൺ അഞ്ചിനാണ് ഇവരുടെ ക്വാറന്റൈൻ കാലാവധി അവസാനിക്കുന്നത്.
ക്വാറന്റൈൻ കേന്ദ്രത്തിൽ ഡ്യൂട്ടിക്ക് എത്തിയ അധ്യാപകർ ആശങ്കയിലാണ്. സൈനികരുടെ ക്വാറന്റൈൻ കഴിയുന്നതുവരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം.
ആശങ്കപ്പെടേണ്ടതില്ല: പ്രൻസിപ്പൽ
ക്വാറന്റൈൻ കേന്ദ്രമായി സ്കൂളിലെ മറ്റൊരു ബ്ലോക്കാണ് അനുവദിച്ചതെന്ന് സ്കൂൾ പ്രൻസിപ്പൽ ടി.വിജയൻ രാഷ്ട്രദീപികയോട് പറഞ്ഞു. പകുതി അധ്യാപകരോട് മാത്രമാണ് ജോലിക്ക് ഹാജരാകാൻ നിർദേശിച്ചിട്ടുള്ളത്.
ഓരോ ഗ്രൂപ്പായി അധ്യാപകരെ തിരിച്ച് അവർക്ക് സമയം നല്കിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രൻസിപ്പൽ ടി.വിജയൻ രാഷ്ട്രദീപികയോട് പറഞ്ഞു.