തലശേരി : കണ്ണൂർ തയ്യിലിൽ ഒന്നര വയസുകാരനെ കടലിലെറിഞ്ഞു കൊലപ്പെടുത്തിയെന്ന കേസിൽ രണ്ടാം പ്രതിക്ക് തലശേരി ജില്ലാ സെഷൻസ് കോടതിയുടെ ചുമതലയുള്ള അഡീഷണൽ സെഷൻസ് ജഡ്ജ് പി.എൻ.വിനോദ് ജാമ്യം അനുവദിച്ചു.
വലിയന്നൂർ സ്വദേശി നിധിനിന് (28) ആണ് കർശന ഉപാധികളോടെ ഓൺലൈൻ ആയി ജാമ്യം അനുവദിച്ചത്. കേസിലെ ഒന്നാം പ്രതിയും കുട്ടിയുടെ അമ്മയുമായ തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ ( 22) റിമാൻഡിലാണുള്ളത്.
50,000 രൂപയുടെ രണ്ടാൾ ജാമ്യം,അന്വേഷണത്തിൽ ഇടപെടുന്ന ഒന്നും ചെയ്യരുത്, സാക്ഷികളെ സ്വാധീനിക്കരുത്, ജാമ്യ വേളയിൽ മറ്റ കേസുകളിൽ അറസ്റ്റിലാവരുത്, കോവിഡ് നിയന്ത്രണ ചട്ടങ്ങൾ അനുസരിച്ച് യാത്രകൾ പാടില്ല എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
കണ്ണൂർ സിറ്റി സിഐ പി.ആർ.സതീഷാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നത്. ഇതിന് തൊട്ടടുത്ത ദിവസമാണ് ജാമ്യം ലഭിച്ചത്. കൊലപാതക പ്രേരണ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് നിധിന്റെ പേരിൽ ചുമത്തിയിട്ടുള്ളത്.
2020 ഫെബ്രുവരി 17 ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. കാമുകനൊപ്പം കഴിയാൻ ഭർത്താവിനൊപ്പം കിടന്നുറങ്ങുകയായിരുന്ന മകൻ വിയാനെ എടുത്തു കൊണ്ടുപോയി ശരണ്യ വീടിന് സമീപത്തെ കടലിൽ എറിയുകയായിരുന്നുവെന്നാണ് കേസ്.
കൊല നടന്ന അന്നു തന്നെ ശരണ്യയാണ് പ്രതിയെന്ന് കണ്ടെത്തിയ പോലീസ് രണ്ടു ദിവസത്തിനുള്ളിൽ നിധിനെ പിടികൂടിയിരുന്നു.