മുക്കം: ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സുഭിക്ഷം പദ്ധതി പ്രകാരമുള്ള തിരുവമ്പാടി എം.എൽ.എ വിളിച്ചു ചേർത്തയോഗം വിവാദമായി.
മത്സ്യക്കൃഷി, ക്ഷീരവികസനം, കോഴിവളർത്തൽ മുതലായവയെ കുറിച്ച് ബോധവൽക്കരിക്കുന്നതിനാണ് ജോർജ്ജ് എം തോമസ് എംഎൽഎ നിയോജക മണ്ഡലം തലത്തിൽ കർഷക സംഘടനകളുടെയോഗം വിളിച്ചു ചേർത്തത്.
സംസ്ഥാനത്ത് ലോക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ സാമുഹ്യ അകലം പാലിച്ച് ഇരിക്കാൻ പോലും സംവിധാനമൊരുക്കിയില്ലന്ന് യുഡിഎഫ് നേതാക്കൾ ആരോപിക്കുന്നു.
വ്യാഴാഴ്ച രാവിലെ യോഗം നടക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. പിന്നീട് എംഎൽ എ യുടെ സൗകര്യം പ്രകാരം വൈകുന്നേരം മൂന്നു മണിക്കാക്കുകയായിരുന്നു.
യോഗത്തിന് എത്തിച്ചേർന്ന ഇരുനൂറോളംആളുകൾ യാതൊരു നിയന്ത്രണവുമില്ലാതെ അടുത്തടുത്തായി ഇരിക്കുകയായിരുന്നു. കൈകൾ ശുദ്ധമാക്കാൻ വേണ്ടത്ര സൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നില്ലന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു. ഇതോടെ മുക്കം നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാർ അപാകത ചൂണ്ടിക്കാട്ടി യോഗം ബഹിഷ്ക്കരിക്കുകയായിരുന്നു.
ഉടൻ തന്നെ അധികൃതർ യോഗ നടപടികൾ അവസാനിപ്പിക്കുകയും ചെയ്തു. അടുത്ത ദിവസം പഞ്ചായത്ത് തലത്തിൽ യോഗം നടക്കുമെന്ന് സംഘാടകർ അറിയിച്ചു.ഇതിനെ തുടർന്ന് എത്തിച്ചേർന്ന ആളുകൾ പിരിഞ്ഞു പോയി.
അതേ സമയം വൈദ്യുതിയില്ലാത്തതിനാലാണ് യോഗം മാറ്റി വെച്ചതെന്ന് കർഷകസംഘം നേതാവ് കെ.ടി. ശ്രീധരൻ പറഞ്ഞു.