കോഴിക്കോട്: കല്ലായി പുഴ നവീകരണം അനിശ്ചിതാവസ്ഥയിലായതോടെ സമീപ പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീതിയില്‍. ഒഴുക്ക് നിലച്ചതിനാല്‍ കാലവര്‍ഷത്തില്‍ പുഴ കരകവിഞ്ഞൊഴുകും. ഇതോടെ സമീപത്തുള്ളവരെല്ലാം മാറി താമസിക്കേണ്ട അവസ്ഥയിലാവും.
കല്ലായി പുഴയിലെ ഒഴുക്കിന്റെ തടസം നീക്കം ചെയ്യുന്നതിന് പത്ത് വര്‍ഷം മുമ്പ് റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ നിന്ന് 4,95,00000 രൂപ വരെ അനുവദിച്ചിരുന്നു.
അതിന് പിന്നാലെ നിരവധി പദ്ദതികളും ഫണ്ടുകളും പ്രഖ്യാപിച്ചു. പുഴയെ വീണ്ടെടുക്കാനുള്ള നടപടികള്‍ ആരംഭിക്കാത്തത് കയ്യേറ്റക്കാരുടെ സമ്മര്‍ദ്ദം മൂലമാണെന്നാണ് കല്ലായ് പുഴ സംരക്ഷണ സമിതി പരാതിപ്പെടുന്നത്.
വര്‍ഷ കാലത്ത് കോഴിക്കോട് നഗരത്തിലെയും, കനോലി കനാലിലേയും ഉള്‍പ്രദേശങ്ങളിലെയും മുഴുവന്‍ വെള്ളവും ഒഴുകി അറബിക്കടലിലെത്തിക്കുന്നത് കല്ലായി പുഴയാണ്.
തുടര്‍ച്ചായി ഉണ്ടായ പ്രളയത്തില്‍ പുഴയിലെ വെള്ളത്തിന്റെ കുത്തൊഴുക്കിന് തടസമായി നിന്ന ചളിയും, പുഴ കയ്യേറ്റവും നീക്കം ചെയ്യാത്തതിനാല്‍ വെള്ളത്തിന് ശക്തിയായി അറബികടലിലേക്ക് പ്രവേശിക്കാനാവില്ല.
ശക്തമായ മഴയില്‍ വെള്ളം ക്രമാതീതമായി ഉയരുകയും പരിസരത്തെ നൂറ് കണക്കിന് വീടുകളും, സ്ഥാപനങ്ങളും വെള്ളത്തിനടിയിലാവുകയും ചെയ്യും .
കനോലി കനാലും കല്ലായി പുഴയും കൂടി ചേരുന്ന പുഴയുടെ മധ്യ ഭാഗത്ത് ഒരു ഏക്കറോളം വിസ്തൃതിയില്‍ ആറടി ഉയരത്തില്‍ ചളിയും മണ്ണും അടിഞ്ഞുകൂടി വന്‍ മരങ്ങള്‍ വരെ വളര്‍ന്ന് തുരുത്ത് തന്നെ രൂപപ്പെട്ടിട്ടുണ്ട്.
വെള്ളത്തിന്റെ ഒഴുക്കിന് വലിയ തടസമായി നില്ക്കുന്ന ഈ തിരുത്ത് ഇതുവരെയും നീക്കം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കയ്യേറ്റം കാരണം കുപ്പി കഴുത്ത് പോലെ ചുരുങ്ങിയ പുഴയും, തീരവും തിരിച്ചുപിടിക്കുന്നതിന് കല്ലായി പുഴ സംരക്ഷണ സമിതി നടത്തിയ നിയമ പോരാട്ടങ്ങളുടെ ഫലമായി 23.5.ഏക്കര്‍ കയ്യേറ്റഭൂമി കണ്ടെത്തി.
തീരത്ത് നൂറോളം ജെണ്ടകള്‍ സ്ഥാപിക്കുകയും ചെയ്തു. എന്നിട്ടും കയ്യേറ്റക്കാര്‍ ഒഴിഞ്ഞു പോകാന്‍ തയാറാവാത്തത് തിരിച്ചടിയായി . ഹൈക്കോടതി വിധിയെ തുടര്‍ന്ന് റവന്യൂ വിഭാഗം സര്‍വേ നടത്തി കയ്യേറ്റങ്ങള്‍ കണ്ടെത്തിയിട്ടും പുഴയെ സംരക്ഷിക്കാന്‍ അധികൃതര്‍ നടപടിയെടുത്തിട്ടില്ല.
പുഴ നവീകരണ പ്രവൃത്തിയുടെ ഭാഗമായി മൂന്ന് കിലോമീറ്റര്‍ നീളത്തിലും അമ്പത് മീറ്റര്‍ വീതിയിലും ,ഒരു മീറ്റര്‍ ആഴത്തിലും പുഴയില്‍ നിന്ന് ചളി നീക്കം ചെയ്യുന്ന പ്രവര്‍ത്തിയാണ് നടക്കേണ്ടത്.