നായ്കള്‍ക്ക് മനുഷ്യരോടുള്ള സ്നേഹത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് ജപ്പാനിലെ ‘ഹാച്ചിക്കോ’ എന്ന നായയെ ആയിരിക്കും. തന്റ യജമാനന് മരിച്ചതറിയാതെ ഒമ്പതു വര്‍ഷം റെയില്‍വേ സ്റ്റേഷനില്‍ അദ്ദേഹത്തിന്റെ വരവും കാത്തിരുന്ന ഹാച്ചിക്കോയെ ആര്‍ക്കാണ് മറക്കാനാവുക.
ഇപ്പോള്‍ ഹാച്ചിക്കോയുടെ കഥയെ അനുസ്മരിപ്പിക്കുന്ന ഒരു സംഭവമാണ് കോവിഡിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ നിന്ന് പുറത്തു വരുന്നത്.
കോവിഡ് ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തന്റെ യജമാനന് മരിച്ചതറിയാതെ മൂന്നു മാസം ആശുപത്രിയ്ക്കു മുമ്പില്‍ കാത്തിരുന്ന സിയാ ബാ എന്ന നായ നായയാണ് ഇപ്പോള്‍ ഏവരുടെയും കണ്ണു നിറച്ചിരിക്കുന്നത്.
വുഹാനിലെ ഹുബെ പ്രവിശ്യയിലുള്ള തായ്കാംഗ് ആശുപത്രിയിലാണ് സംഭവം. ഫെബ്രുവരിയിലാണ് നായയുടെ ഉടമസ്ഥന് കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എന്നാല്‍ അഞ്ച് ദിവസത്തിന് ശേഷം രോഗം മൂര്‍ച്ഛിച്ച് ഇയാള്‍ മരിക്കുകയായിരുന്നു. എന്നാല്‍ ഇക്കാര്യം അറിയാതെ ആശുപത്രിക്ക് പുറത്ത് യജമാനനെ കാത്തിരിക്കുകയാണ് സിയാ ബാ.
നായയെ സ്ഥിരമായി ആശുപത്രിക്ക് മുന്നില്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ അതിനെ പരിപാലിച്ചുവരുകയായിരുന്നു. നായ ആശുപത്രി പരിസരം വിട്ടുപോകാന്‍ തയാറല്ലായിരുന്നു.
മറ്റൊരു സ്ഥലത്തേക്ക് പോയാലും മടങ്ങി എത്തുകയായിരുന്നു പതിവ്. തുടര്‍ന്ന് ആശുപത്രിയില്‍ വരുന്ന രോഗികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് നായയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. സിയാ ബാ ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെയും ഹൃദയം കീഴടക്കിക്കഴിഞ്ഞു.