തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് പുനരന്വേഷിക്കാൻ ക്രൈംബ്രാഞ്ച് മേധാവിയുടെ ഉത്തരവ്. കണ്ണമ്മൂല സ്വദേശിനിയായ പെണ്‍കുട്ടിയുടെ വീട്ടിൽ വച്ച് 2017 മേയ് 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സ്വാമി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ സ്വയരക്ഷയ്ക്കായി 23കാരിയായ പെൺകുട്ടി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചുവെന്നായിരുന്നു പെണ്‍കുട്ടി പോലീസിൽ നൽകിയ മൊഴി. എന്നാൽ പിന്നീട് കോടതിയിൽ എത്തിയപ്പോൾ പെണ്‍കുട്ടി മൊഴി മാറ്റിയിരുന്നു.
സ്വാമി പീഡിപ്പിച്ചിട്ടില്ലെന്ന് പെൺകുട്ടിയും മാതാപിതാക്കളും പോക്സോ കോടതിയിലും ഹൈക്കോടതിയിലും പിന്നീട് തിരുത്തിപ്പറഞ്ഞു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി സ്വാമി ഗംഗേശാനന്ദയും രംഗത്ത് വന്നിരുന്നു.
തന്റെ ശിഷ്യനായ യുവാവാണ് സംഭവത്തിന് പിന്നിലെന്നും ഉന്നത തലത്തിൽ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും സ്വാമി ആരോപിച്ചിരുന്നു. പേട്ട പോലീസിൽ നിന്നും അന്വേഷണം പിന്നീട് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
പെണ്‍കുട്ടി പിന്നീട് പരാതിയിൽ നിന്നും പിൻമാറിയിരുന്നു. സ്വാമി പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്ന് മൊഴി നൽകിയിരുന്നില്ലെന്ന് പറഞ്ഞ് പെണ്‍കുട്ടിയും ബന്ധുക്കളും പോലീസിനെതിരെ രംഗത്ത് വന്നിരുന്നു. പെണ്‍കുട്ടിയുടെ മൊഴിമാറ്റം, സ്വാമിയുടെ ശിഷ്യന്റെ പങ്ക് എന്നിവയാണ് ക്രൈംബ്രാഞ്ച് സംഘം പുനരന്വേഷിക്കുന്നത്.
സംഭവം നടക്കുന്നതിന് രണ്ട് മാസം മുൻപ് പെണ്‍കുട്ടി ജനനേന്ദ്രിയം മുറിയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ സൈറ്റിലൂടെ കണ്ടിരുന്നുവെന്ന് പെണ്‍കുട്ടിയുടെ മൊബൈൽ ഫോണ്‍ പരിശോധിച്ച അന്വേഷണ സംഘം അന്ന് കണ്ടെത്തിയിരുന്നു. ഇതിനിടെ സ്വാമി സ്വയം ജനനേന്ദ്രിയം മുറിച്ചതാണെന്ന് ആദ്യഘട്ടത്തിൽ പറഞ്ഞിരുന്നു.
പിന്നീടാണ് ശിഷ്യനും പുറമെയുള്ളവർക്കും പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചത്. ഇതേത്തുടർന്നാണ് കേസ് സമഗ്രമായി പുനരന്വേഷണം നടത്താൻ തീരുമാനിച്ചത്. ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും കേസ് പുനരന്വേഷണം നടത്തുക.