സ്വന്തം ലേഖകൻ
കണ്ണൂർ: കണ്ണൂരിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത് 214 കോവിഡ് പോസറ്റീവ് കേസുകളിൽ ഭൂരിഭാഗവും ലക്ഷണങ്ങളില്ലാത്തവർ. രോഗലക്ഷണങ്ങളോടെ പോസറ്റീവ് ആയവർ 36.5 ശതമാനമാണെങ്കിൽ ലക്ഷണങ്ങളില്ലാതെ പോസറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത് 63.5 ശതമാനം ആണ്. ഇതാണ് ജില്ലാ ഭരണകൂടത്തെ ആശങ്കപ്പെടുത്തുന്നത്.
രോഗം കണ്ടെത്തിയ ഭൂരിഭാഗവും വന്നത് ദുബായിയിൽ നിന്നാണ്. ഇവിടെ നിന്ന് വന്ന 97 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതരസംസ്ഥാനത്ത് മഹാരാഷ്ട്രയിൽ നിന്നു വന്ന 22 പേർക്കും രോഗം സ്ഥിരീകരിച്ചു.
ജില്ലിൽ 77.5 ശതമാനം പുരുഷൻമാർക്ക് രോഗം ബാധിച്ചപ്പോൾ 22.5 ശതമാനം സ്ത്രീകൾക്കാണ് അസുഖം ബാധിച്ചത്. കണ്ണൂരിൽ ഏറ്റവും കൂടുതൽ കോവിഡ് പോസറ്റീവ് റിപ്പോർട്ട് ചെയ്തത് പാട്യത്തും കൂത്തുപറന്പിലുമാണ്.
ഇതുവരെ പോസറ്റീവ് ആയവരുടെ പ്രായത്തിന്റെ കണക്ക് ഇങ്ങനെയാണ്; 0 മുതൽ 5 വയസുവരെ 2 പേർ, 6നും 15 നും ഇടയ്ക്ക് 13 പേർ 16നും 35നും ഇടയ്ക്ക് 82 പേർ, 36 നും 59 നും ഇടയ്ക്ക് 74 പേർ, 60 നും 89നും ഇടയ്ക്ക് 26 പേർ എന്നിങ്ങനെയാണ്.
ധർമടത്ത് കോവിഡ് ബാധിച്ച കുടുംബത്തിലെ ഉറവിടത്തെക്കുറിച്ച് അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ഇവരുടെ രണ്ട് മക്കൾ തലായി ഐസ് പ്ലാന്റിൽ വച്ചും കൊടുവള്ളി ആമുക്കാസ് മോസ്കിനടത്തുവെച്ചും ഇതര സംസ്ഥാനക്കാരായ മത്സ്യ കച്ചവടക്കാരുമായി ബന്ധപ്പെട്ടിരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണെന്നും കളക്ടർ ടി.വി. സുഭാഷ് പറഞ്ഞു.