കോട്ടയം: കോട്ടയം ജില്ലയിൽ ഒരാൾക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ നിന്ന് കോവിഡ് സ്ഥിരീകരിച്ചു ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 20 ആയി.
കഴിഞ്ഞ 24നു മുംബൈയിൽ നിന്നു സ്വകാര്യ വാഹനത്തിൽ അയർക്കുന്നത്തെ വീട്ടിലെത്തിയ 14 വയസുകാരിയായ പെണ്കുട്ടിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മുംബൈയിൽനിന്നു മാതാപിതാക്കൾക്കും സഹോദരനുമൊപ്പം എത്തിയ കുട്ടിക്ക് പനി ബാധിച്ചതിനെത്തുടർന്നാണ് സാന്പിൾ പരിശോധനയ്ക്ക് അയച്ചത്.
അയർക്കുന്നം പഞ്ചായത്തിലെ ഒന്പതാം വാർഡിൽ കഴിയുന്ന ഇവർ ക്വാറന്റയിനിലായിരുന്നു. പഞ്ചായത്തിൽ ഇന്നലെ വീണ്ടും കോവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്നു പഞ്ചായത്ത് കമ്മിറ്റി യോഗം ചേർന്നു തുടർനടപടികൾ സ്വീകരിക്കും. ജില്ലയിൽ ഇനി ലഭിക്കാനുള്ളതു 310 സ്രവ സാംപിൾ പരിശോധ ഫലങ്ങൾ.
ഇന്നലെ ലഭിച്ചതു 118 പേരുടെ പരിശോധനാഫലങ്ങളാണ്. ഇതിൽ ഒരാളുടെ ഫലം പോസിറ്റീവും 117 പേരുടെ ഫലം നെഗറ്റീവുമാണ്. ജില്ലയിൽ പരിശോധനകൾ വർധിപ്പിച്ചതിന്റെ ഭാഗമായി ഇന്നലെ 119 പേരുടെ സ്രവ സാംപിളാണ് പരിശോധനയ്ക്കായി അയച്ചത്. ഇന്നലെ 457 പേർക്കാണ് ഹോം ക്വാറന്റയിൻ നിർദേശിച്ചത്.
ഇതിൽ 379 പേർ ഇതര സംസ്ഥാന നിന്നും 66 പേർ വിദേശത്ത് നിന്നും എത്തിയവരാണ്. രോഗം സ്ഥീരികരിച്ചവരുമായി നേരിട്ട് സന്പർക്കം പുലർത്തിയ ഒരാളെയും ഇവരുടെ സെക്കൻഡറി കോണ്ടാക്റ്റുകളായ 11 പേരെയും കണ്ടെത്തിയിട്ടുണ്ട്.
മാടപ്പള്ളി പഞ്ചായത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പഞ്ചായത്ത് ഓഫീസിൽനിന്നു നൽകുന്ന സേവനങ്ങളും തൊഴിലുറപ്പ് പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവച്ചു. പാഴ്സൽ സർവീസ് ഉൾപ്പെടെ വ്യാപാര സ്ഥാപനങ്ങൾ രാവിലെ 11 മുതൽ വൈകുന്നേരം അഞ്ചുവരെ മാത്രമേ പ്രവർത്തിക്കുകയുള്ളു.
എല്ലാ കെട്ടിട നിർമാണ പ്രവർത്തനങ്ങളും നിർത്തി വയ്ക്കും. പഞ്ചായത്ത് പരിധിയിലുള്ള 65 വയസിനു മുകളിലുള്ളവരും 10 വയസിനു താഴെയുള്ള കുട്ടികളും പൂർണമായും വീടിനുള്ളിൽ കഴിയേണ്ടതാണെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
മാമ്മൂട്-മാന്നില റോഡിൽനിന്നു കൂവക്കാട്, എസ്സി കവല എന്നി പ്രദേശങ്ങളിലേക്കുള്ള റോഡുകൾ അടച്ചു. പഞ്ചായത്ത് ഹോട്ട് സ്പോട്ടായി പ്രഖ്യാപിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാകുന്നതായും പഞ്ചായത്ത് അധികൃതർ അറിയിച്ചു.
കോവിഡ് ബാധിച്ചു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന 22 രോഗികളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്ക വേണ്ടെന്നും ഡെപ്യൂട്ടി ആർഎംഒ ഡോ. ലിജോ. മൂന്നാം ഘട്ടത്തിൽ 24 രോഗബാധിതരാണ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത്.
കഴിഞ്ഞ ദിവസം അതിരന്പുഴ സ്വദേശിയായ 29കാരനെ ഡിസ്ചാർജ് ചെയ്തിരുന്നു. തിരുവല്ല സ്വദേശി ജോഷി ഇന്നലെ മരണപ്പെട്ടിരുന്നു. ബാക്കിയുള്ള 22 രോഗികളാണ് ഇപ്പോൾ ചികിത്സയിലുള്ളത്.
മെഡിസിൻ തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന മുംബൈ യിലെ സ്ഥിരതാമസക്കാരനും തിരുവനന്തപുരം സ്വദേശിയുമായ 40കാരനെ കൊറോണ ഐസലേഷൻ വാർഡിലേക്ക് മാറ്റി.
കഴിഞ്ഞ ആഴ്ചയിൽ ചികിത്സയ്ക്ക് എത്തിയ മൂന്നു പേരുടെ രണ്ടാഘട്ട പരിശോധന ഫലം ഇന്നു ലഭിക്കും. രോഗികളുടേയും രോഗലക്ഷണമുള്ളവരുടേയും എണ്ണം ദിനംപ്രതി വർധിക്കുന്നതിനാൽ പരിശോധനാ ഫലം ലഭിക്കാൻ താമസം നേരിടുന്നുണ്ട്.