കോട്ടയം: നാഗന്പടം ബസ് സ്റ്റാൻഡിലെ ശുചിമുറികൾ തുറക്കാതായതോടെ നിരവധി പേർ ബുദ്ധിമുട്ടിലായി. ലോക്ക് ഡൗണിനു ഇളവുകൾ വന്നതോടെ സ്വകാര്യ ബസുകൾ സർവീസ് ആരംഭിക്കുകയും സ്റ്റാൻഡിനുള്ളിലെ കച്ചവട സ്ഥാപനങ്ങൾ പൂർണമായും പ്രവർത്തിച്ചു തുടങ്ങുകയും ചെയ്തതോടെയാണ് യാത്രക്കാർക്കും വ്യാപാരികൾ ഉൾപ്പെടെയുള്ളവർക്കും ശുചിമുറികൾ തുറക്കാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നത്.
സ്റ്റാൻഡിനുള്ളിൽ രണ്ടു സ്ഥലത്താണ് ശുചിമുറി സൗകര്യങ്ങളുള്ളത്. സ്റ്റാൻഡിനുള്ളിലുള്ള ശുചിമുറി സ്ത്രീകൾക്കു മാത്രമായിട്ടുള്ളതാണ് . റെയിൽവേ നടപ്പാലത്തിനു സമീപത്തായിട്ടാണ് മറ്റൊരു പൊതു ശുചിമുറി സൗകര്യമുള്ളത്. ഇവ രണ്ടും തുറക്കുന്നില്ല.
ബസുകളിൽ സാമൂഹിക അകലം പാലിച്ചു കുറച്ചു ആളുകളെ മാത്രം കയറ്റുന്ന സാഹചര്യത്തിൽ യാത്രക്കാർ കൂടുതൽ സമയം സ്റ്റാൻഡിൽ ചെലവഴിക്കേണ്ടിവരുന്നുണ്ട്. ഇതോടെ ശുചിമുറി സൗകര്യമില്ലാത്തത് യാത്രക്കാർക്ക് ഇരട്ടി ദുരിതമാണ് നല്കുന്നത്.
ഇതിനു പുറമെ കടകളിലുള്ള സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കും ശുചിമുറികൾ തുറക്കാത്തത് ദുരിതമായി മാറിയിരിക്കുകയാണ്. മാർച്ചിൽ ശുചിമുറികളുടെ നടത്തിപ്പിന്റെ കരാർ കഴിഞ്ഞതാണെന്നും കോവിഡ് കാരണം പുതിയ കരാർ ക്ഷണിച്ചിട്ടില്ലെന്നും അപേക്ഷ നല്കി പഴയ കരാറുകൾ തുടരുമെന്നാണ് നഗരസഭ നല്കുന്ന വിശദീകരണം.
ഉടൻ തന്നെ നഗരസഭാ അധികൃതർ ഇടപെട്ട് നാഗന്പടം ബസ് സറ്റാൻഡിലെ ശുചിമുറികൾ തുറന്നു പ്രവർത്തിക്കുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തണമെന്ന് സ്റ്റാൻഡിലെ വ്യാപാരികൾ ആവശ്യപ്പെട്ടു.