ബംഗളൂരു: ഡിസംബര്‍ അവസാനത്തോടെ ഇന്ത്യയിലെ പകുതി പേർക്കും കൊറോണ വൈറസ് ബാധയേല്‍ക്കുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിലെ (നിംഹാൻസ്) ന്യൂറോവൈറോളജി വിഭാഗം മേധാവി ഡോ. വി രവി. ലോക്ക്ഡൗണ്‍ ചെയ്തതുകൊണ്ടാണ് രാജ്യത്ത് അണുബാധ വൈകിയതെന്നും വരും ദിവസങ്ങളിൽ വൻതോതിൽ വ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാലാം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ നീക്കുന്നതിന് തൊട്ടുമുമ്പാണ് രവിയുടെ പ്രസ്താവന.
ജൂൺ മുതലാണ് രോഗബാധ കൂടുതലാകുക. അതിനുശേഷം സമൂഹവ്യാപനവും പ്രതീക്ഷിക്കാം. രോഗം ബാധിക്കുന്ന 90% പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടാവില്ല. രോഗം ബാധിച്ചതായി അവര്‍ പോലുമറിയില്ല.
5 മുതല്‍ 10 ശതമാനം പേര്‍ക്ക് മാത്രമാകും ആശുപത്രി പ്രവേശനം വേണ്ടിവരിക. അഞ്ച് ശതമാനം പേര്‍ക്ക് മാത്രമാകും വെന്റിലേറ്റര്‍ സഹായം വേണ്ടി വരിക. പ്രായമായവരെയും രോഗാവസ്ഥയിലുള്ളവരെയും മറ്റ് ദുർബല വിഭാഗങ്ങളെയും സംരക്ഷിക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ മരണനിരക്ക് മൂന്ന് തൊട്ട് നാല് വരെ ശതമാനമാണെന്നും ആറ് ശതമാനത്തോടെ ഗുജറാത്താണ് മരണനിരക്കില്‍ മുന്നിട്ട് നില്‍ക്കുന്നതെന്നും ഡോ. രവി വെളിപ്പെടുത്തി.
അടുത്ത വര്‍ഷം മാര്‍ച്ച് വരെയെങ്കിലും കോവിഡ് വാക്സിന് വേണ്ടി കാത്തിരിക്കേണ്ടി വരുമെന്നും എല്ലാ വിധ സുരക്ഷാ സംവിധാനങ്ങളോടെയും കോവിഡിനൊപ്പം ജീവിക്കാന്‍ ജനങ്ങള്‍ പഠിക്കേണ്ടിയിരിക്കുന്നുവെന്നും ഡോ.രവി പറഞ്ഞു. എബോള, മെഴ്സ്,സാര്‍സ് പോലെ കൊറോണ അപകടകാരിയല്ലെന്നും ഡോ.രവി വ്യക്തമാക്കി.
എച്ച് 1 എൻ 1 മരണനിരക്ക് 6 ശതമാനത്തിലധികമാണെന്നും എന്നാൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇത്തരത്തിലുള്ള പരിഭ്രാന്തി സൃഷ്ടിക്കാൻ സോഷ്യൽ മീഡിയകളില്ലാത്തതിനാൽ അന്ന് ലോക്ക്ഡൗണ്‍ അനിവാര്യമായി വന്നില്ലെന്നും ഡോക. രവി പറഞ്ഞു.
നിംഹാൻസ് ന്യൂറോവൈറോളജി വിഭാഗം മേധാവിയായ ഡോ.രവി കോവിഡ് 19നെ നേരിടാനുള്ള കർണാടക ഹെൽത്ത് ടാസ്ക് ഫോഴ്സ് നോഡൽ ഓഫിസര്‍ കൂടിയാണ്.