മേയ് 31 പുകയില വിരുദ്ധ ദിനമായി ലോകം മുഴുവൻ ആചരിക്കുകയാണ്. പുകയില ഉപയോഗിക്കുന്ന വ്യക്തികൾക്കും അവരുടെ കുടുംബങ്ങൾക്കും സമൂഹത്തിന് മൊത്തമായും ഉണ്ടാകുന്ന നാശനഷ്ടങ്ങളെ പറ്റി അവരെ ബോധവാന്മാരാക്കുന്നതിനും പുകയില ഉപയോഗം നിർത്താൻ അവരെ പ്രേരിപ്പിക്കുന്നതിനുമായിട്ടാണ് ഇത് ആചരിക്കുന്നത്.
പുകവലിക്കുന്നവർ സ്വന്തം വീട്ടിലും, ജോലി സ്ഥലത്തും പൊതു സ്ഥലത്തും ഉള്ളവരെ പുകയില ജന്യ രോഗങ്ങളിലേക്ക് തള്ളി വിടുന്നു – പരോക്ഷ പുകവലി.
അതിനാൽ പുകവലി സമൂഹത്തോട് നടത്തുന്ന ഒരു വെല്ലുവിളിയായി കണക്കാക്കണം. നമുക്ക് പേരറിയാവുന്ന മിക്ക രോഗങ്ങൾക്കും കാരണം പുകയില പുക നേരിട്ടോ അല്ലാതെയോ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്നതാണ്.
കൊറോണയും(കോവിഡ് 19) പുകവലിയുമായി എന്താണ് ബന്ധം?
കോറോണ മരണ നിരക്ക് കൂടുന്നതും കോറോണ ബാധ പടരുന്നതും പ്രധാനമായി ഇമ്മ്യൂണിറ്റി കുറവുള്ളവർ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ, കാൻസർ രോഗികൾ, ഹൃദ്രോഗം ഉള്ളവർ, പ്രമേഹരോഗികൾ എന്നിവരിലാണ്.
കോറോണ പ്രതിരോധം മനസിലാക്കാൻ നമ്മുടെ പ്രതിരോധ വ്യവസ്ഥയെ ഒന്നു മനസിലാക്കാം. ഏതാണ്ട് 8 ലക്ഷം കോടി കോശങ്ങളാണ് രോഗപ്രതിരോധത്തിനായി ശരീരത്തിലുള്ളത് . അതിലൊരു വിഭാഗമാണ് ശ്വേതാണുക്കൾ (WBC). അതിലുള്ള ലിംഫോസൈറ്റ്സാണ് വൈറസ് ബാധ തടയാൻ നമ്മെ സഹായിക്കുന്നത്.
ഇവരിൽത്തന്നെ രണ്ടു വിഭാഗങ്ങൾ ഉണ്ട്. ബി സെൽസും ടി സെൽസും. അതിൽ ബി സെൽസ് മിലിട്ടറി ഇന്റലിജൻസ് പോലെയാണ് . ടാർഗറ്റ് കണ്ടുപിടിച്ചു സിഗ്നൽ കൊടുക്കുന്നു. ടി സെൽസ് പട്ടാളക്കാരെപോലെയും; ബി സെൽസ് കണ്ടുപിടിച്ച ടാർഗറ്റ് നശിപ്പിച്ചു കളയുന്നു.
ശരീരത്തിൽ വൈറസ് കയറിയാൽ നമ്മുടെ പ്രതിരോധ വ്യവസ്ഥയിലെ ബി സെൽസ് പ്രവർത്തനനിരതമാകുകയും ഇന്റർഫെറോൺ പുറപ്പെടുവിക്കുകയും അസുഖം ബാധിച്ച കോശത്തെ നശിപ്പിക്കാൻ ടി വിഭാഗത്തിൽപ്പെട്ട നാച്വറൽ കില്ലർ കോശങ്ങൾക്ക് സന്ദേശം കൊടുക്കുകയും ചെയ്യുന്നു.
ഈ ബാലൻസ് തെറ്റിയാൽ നമ്മൾ വൈറസ് ബാധയാൽ മരണപ്പെടുന്നു. കോറോണയിൽ നിന്നു രക്ഷപ്പെടാൻ പ്രതിരോധശേഷി എത്രത്തോളം അത്യാവശ്യമാണ് എന്ന് മനസിലായി ക്കാണുമല്ലോ.
പുകവലിക്കാരുടെ ഇമ്മ്യൂണിറ്റി രണ്ടുരീതിയിലാണ് തകരാറിലാകുന്നത്.
- പുകയിലയിൽ ഏതാണ്ട് 7000 ത്തോളം ഹാനികരമായ രാസപദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ പദാർഥങ്ങൾ മജ്ജയിൽ ഉണ്ടാക്കപ്പെടുന്ന ലിംഫോസൈറ്റ്സിന്റെ എണ്ണം കുറയ്ക്കുകയോ അല്ലെങ്കിൽ പ്രവർത്തന വൈകല്യം ഉണ്ടാക്കുകയോ ചെയ്യുന്നു
- ഫ്രീ റാഡിക്കൽ ഇൻജുറി അഥവാ ഓക്സിഡേറ്റീവ് സ്ട്രസ്. നമ്മുടെ ശരീരത്തിൽ നടക്കുന്ന രാസപ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന ഫ്രീ റാഡിക്കലുകൾ ശരീരത്തിലെ കോശങ്ങൾക്ക് ദോഷകരമാണ്. ശരീരം ആന്റിഓക്സി ഡന്റുകളെ ഉപയോഗിച്ച് ഇവയെ നശിപ്പിക്കുകയാണ് പതിവ്.
ഈ ബാലൻസ് തെറ്റിയാൽ നമ്മുടെ പ്രതിരോധ ശേഷിയും(ഇമ്മ്യൂണിറ്റി )വല്ലാതെ നശിച്ചുപോകും.
പുകവലി ഫ്രീറാഡിക്കലുകളുടെ അളവ് വല്ലാതെ കൂട്ടും. അപ്പോൾ ശരീരത്തിന്റെ ഓക്സിഡേറ്റീവ് സ്ട്രെസ് കൂടുകയും ബി സെൽ, ടി സെൽ പ്രവർത്തനം മന്ദീഭവിക്കുകയും ചെയ്യുന്നു. അതിനാൽ പുകവലിക്കാർ എപ്പോഴും ഇമ്മ്യൂണിറ്റി കുറവുള്ളവർ ആയിരിക്കും. കൊറോണക്ക് ഇവരെ കീഴ്പ്പെടുത്താൻ എളുപ്പമാണ്.
കൂടാതെ, പുകവലി നേരിട്ട് ശ്വാസകോശപ്രവർത്തനം താറു മാറാക്കുന്നതിനാൽ കോവിഡ് ബാധ ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യുന്നു. തൊണ്ടയും വായും മൂക്കുമെല്ലാം പുകവലി മൂലം പ്രവർത്തന ക്ഷമമല്ലാത്തതിനാൽ രോഗം ബാധിക്കാനുള്ള സാധ്യതയും കൂടുതലാണ്.