അഹമ്മദാബാദ്: കോവിഡ് മേയ് 21-നു ശേഷം ദുർബലപ്പെടുമെന്ന് പ്രവചിച്ച പ്രശസ്ത ജ്യോതിഷി കോവിഡ് ബാധിച്ച് മരിച്ചു. ബെജാൻ ദാരുവാല(90)യാണ് ഗാന്ധിനഗറിലെ അപ്പോളൊ ആശുപത്രിയിൽ മരിച്ചത്.
ഏപ്രിലിൽ കോവിഡ് സംബന്ധിച്ച് ഇദ്ദേഹം പ്രവചനങ്ങൾ നടത്തിയിരുന്നു. മേയ് 21 വരെയേ രോഗത്തിനു സ്വാധീനമുണ്ടാകൂയെന്നായിരുന്നു പ്രവചനം. ഇതു സംബന്ധിച്ച വീഡിയോയും പരക്കെ പ്രചരിപ്പിച്ചു.
ന്യൂമോണിയ ബാധിച്ച് ആശുപത്രിയിലായ ജ്യോതിഷിയുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവാണെന്ന് അറിഞ്ഞത് മേയ് 22-നാണ്. തുടർന്ന് കോവിഡ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച മരിച്ചു.
ഇദ്ദേഹത്തിന്റെ പേര് കോർപ്പറേഷന്റെ കോവിഡ് രോഗികളുടെ പട്ടികയിലുണ്ടെങ്കിലും അത് അവ്യക്തമാണെന്നും ന്യൂമോണിയയാണു കാരണമെന്നുമാണ് ബന്ധുക്കൾ പറഞ്ഞത്.
രാജ്യത്തെ ഒട്ടേറെ പത്രങ്ങളിലെ ജ്യോതിഷ പംക്തി കൈകാര്യം ചെയ്തിരുന്നയാളാണ് ബെജാൻ. ഗണേശ സ്പീക്സ് എന്ന പേരിലായിരുന്നു കോളങ്ങൾ. ഹാർപർ കോളിൻസ് പ്രസിദ്ധീകരിച്ച മികച്ച നൂറു ജ്യോതിഷികളുടെ നിരയിൽ ഇടംപിടിച്ചയാളാണ് ബെജാൻ ദാരുവാല.
എ.ബി. വാജ്പേയ്, മൊറായി ദേശായി, നരേന്ദ്രമോദി, അമിതാഭ് ബച്ചൻ, സച്ചിൻ തെണ്ടുൽക്കർ തുടങ്ങിയവരുടെ വിജയങ്ങൾ കൃത്യമായി പ്രവചിക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞിരുന്നു. രാജീവ് ഗാന്ധിയുടെയും സജയ്ഗാന്ധിയുടെയും മരണം, ഭോപ്പാൾ ദുരന്തം തുടങ്ങിയവയും ഇദേഹം പ്രവചിച്ചിരുന്നെന്നാണ് റിപ്പോർട്ട്.
ദാരുവാല 2012-ൽ എഴുതിയ പുസ്തകം മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയാണ് പ്രകാശനം ചെയ്തത്.