മുക്കം: മുക്കത്തിനടുത്ത് കാരശേരിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന കുന്നത്ത് സൈനബ എന്ന എഴുപത്തിമൂന്നു വയസുള്ള വയോധികയുടെ വീട്ടുചുമരിനെ അലങ്കരിക്കുന്ന ഏക ഫോട്ടോ വീരേന്ദ്ര കുമാറിന്റേത് മാത്രമാണ്.
പക്ഷെ എം.പി.വീരേന്ദ്ര കുമാർ എംപി ലോകത്തോട് വിട പറഞ്ഞതറിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ അഞ്ചു മണി മുതൽ ഈ ഫോട്ടോ സൈനബയുടെ കൈകളിലുണ്ട്. കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത പോലെ എത്രയോ തവണ നേരിൽ കണ്ട ആ മുഖം വീണ്ടും വീണ്ടും കാണുകയായിരുന്നു.
തെളിച്ചം നഷ്ടപ്പെട്ടു തുടങ്ങിയ കണ്ണുകൾക്ക് വേണ്ടി ഇടയ്ക്കിടെ തുടച്ചു മിനുക്കുന്ന ഫോട്ടോയ്ക്ക് മുന്നിൽ നിന്ന് സൈനബ തെളിമയുള്ള ഭൂതകാല സ്മരണകൾ ഓർത്തെടുത്തു.
വർഷങ്ങള്ക്കു മുന്പ് സ്വന്തം ആങ്ങളയെ സ്ഥലത്തെ ചില പ്രമാണിമാർ അപായപ്പെടുത്താൻ തുനിഞ്ഞപ്പോൾ രക്ഷകനായത് വീരേന്ദ്ര കുമാറായിരുന്നു. അന്ന് സൈനബയ്ക്കു പ്രായം പതിനേഴ്. അന്ന് തുടങ്ങിയ ആരാധനയാണ് വീരേന്ദ്ര കുമാറിനോട്.
ഒന്ന് നേരിൽ കാണാൻ ജനതാദൾ സംസ്ഥാന സമ്മേളനത്തിന് തൃശൂർ വരെ പോകേണ്ടിവന്നു.സ്റ്റേജിൽ കയറാൻ ശ്രമിച്ചെങ്കിലും നടന്നില്ല. എങ്കിലും ദൂരെ നിന്ന് കണ്ടു നിർവൃതിയടഞ്ഞു.
പിന്നീട് മുൻ കാരശേരി പഞ്ചായത്തു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.സി. മുഹമ്മദിന്റെ വീട്ടിൽ കല്ല്യാണത്തിന് വീരേന്ദ്ര കുമാർ എത്തിയപ്പോഴാണ് അടുത്ത് കാണാനായതും സംസാരിക്കാനായതും. അന്ന് സംസാരിച്ചതും വീരന്റെ കയ്യിൽ മുത്തം നൽകിയതും ഇന്നും ഒളിമങ്ങാത്ത ഓർമയാണിവർക്ക്. അന്നെടുത്ത ഫോട്ടോയാണ് ഇന്നും ഒരു നിധി പോലെ സൈനബ സൂക്ഷിക്കുന്നത്.
വോട്ടു ചെയ്യാൻ തുടങ്ങിയ കാലം മുതൽ വീരേന്ദ്രകുമാറിന്റെ ജനതാദളിനെ വോട്ടു ചെയ്തിട്ടുള്ളുവെങ്കിലും ജനതാദൾ വലതുപക്ഷത്തായപ്പോൾ വോട്ടു ദിവസം വീടിനു പുറത്തിറങ്ങിയിട്ടില്ല സൈനബ. കാരശേരി പഞ്ചായത്തിലെ അഗതി ലിസ്റ്റിൽ ഉൾപ്പെട്ട സൈനബ തൊഴിലുറപ്പു തൊഴിലിനു പോയി അഷ്ടിക്കുള്ള വക കണ്ടെത്തിയിരുന്നെങ്കിലും ശാരീരികാവശത കാരണം അതും മുടങ്ങിയിരിക്കുകയാണ്.
മലയോരത്തു എവിടെ വീരേന്ദ്രകുമാർ എത്തിയാലും അവിടെയൊക്കെ കാഴ്ചക്കാരുടെ മുൻപന്തിയിൽ ഉണ്ടാവാറുളള സൈനബയ്ക്ക് ഇനി ആ സൗഭാഗ്യം ഉണ്ടാവില്ലല്ലോ എന്ന സങ്കടം മാത്രമാണിപ്പോൾ.