കോഴിക്കോട്: ചൂട് ചായക്കൊപ്പം ലൈവായി പാകം ചെയ്ത ചൂടന്‍ ‘കടി’… അതും കീശകാലിയാവാതെ ലഭിച്ചാലോ… സായന്തനങ്ങളില്‍ കോഴിക്കോടന്‍ അങ്ങാടിയിലും ഗ്രാമപ്രദേശങ്ങളിലും കൊതിയൂറും വിഭവങ്ങളുമായി കാത്തിരുന്ന തട്ടുകടക്കാരുടെ ജീവതം തിളച്ചുമറിയുകയാണ്.
രണ്ടുമാസമായി കട തുറക്കാന്‍ പോലും പറ്റാത്ത ഇവരില്‍ പലരും ഇന്ന് പട്ടിണിയുടെ വക്കിലാണ്. തുച്ഛമായ വരുമാനമായിരുന്നു ലഭിച്ചിരുന്നതെങ്കിലും സ്ഥിരമായുള്ള ആ വരുമാനം ഇവരുടെ കുടുംബത്തെ സന്തുഷ്ടമാക്കിയിരുന്നു.
എന്നാല്‍ കോവിഡ് 19 വ്യാപിക്കാന്‍ തുടങ്ങിയതോടെ തട്ടുകടകളും പെട്ടികടക്കാരുടെയും വരുമാനം കുറഞ്ഞു. തൊട്ടുപിന്നാലെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജീവിതം വറുചട്ടിയില്‍നിന്ന് എരിതീയിലേക്കായി.
ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും തട്ടുകടക്കാര്‍ക്ക് അനുമതി ലഭിച്ചിട്ടില്ല. ഹോട്ടലുകള്‍ പലതും പാര്‍സല്‍ കൗണ്ടറുകളോടെ പ്രവര്‍ത്തനമാരംഭിച്ചെങ്കിലും തട്ടുകടക്കാര് കടകള്‍ തുറന്നിട്ടില്ല. ചിലയിടങ്ങളില്‍ മാത്രം കടകള്‍ തുറന്നെങ്കിലും കച്ചവടം മോശമാണെന്നാണ് ഇവര്‍ പറയുന്നത്.
അഞ്ചു രൂപയ്ക്ക് രുചി പകര്‍ന്ന ഇ-ഷോപ്പും പ്രതിസന്ധിയില്‍
ചില്ലുകൂട്ടിലിരിക്കുന്ന രുചിയുടെ പത്തരമാറ്റുമായുള്ള ഏത് കടിയെടുത്താലും അഞ്ചു രൂപയ്ക്ക് നല്‍കിയിരുന്ന കുടുംബശ്രീയുടെ ഇ-ഷോപ്പ് പ്രതിസന്ധിയുടെ നടുവിലാണ്.
രണ്ടുമാസത്തെ കച്ചവടം നിര്‍ത്തിയതോടെ ലക്ഷങ്ങളാണ് നഷ്ടം വന്നതെന്ന് വെള്ളിമാട്കുന്ന് വെണ്ണത്തറപൊയില് സ്വദേശിയും കോര്പറേഷന് 15-ാം വാര്‍ഡ് സിഡിഎസ് അംഗവുമായി ഒ.വി. മുംതാസ് പറഞ്ഞു.
വായ്പാ തിരിച്ചടവുകളെല്ലാം മുടങ്ങിയിരുക്കുകയാണ്. ബാങ്കുകളില്‍ നിന്നും വായ്പ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട നിരന്തരം ബന്ധപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ കട തുറന്നല്ലാതെ ഇതിനൊരു പോംവഴിയില്ല.
ലോക്ക്ഡൗണ്‍ ഇളവുകളുണ്ടെങ്കിലും തട്ടുകടക്കാര്‍ക്ക് കട തുറന്ന് പാര്‍സല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിന് പരിമിതികളുണ്ട്. അതിനാല്‍ ലോക്ക്ഡൗണ്‍ നീക്കുന്നതു വരെ ഇപ്പോഴുള്ള പ്രതിസന്ധി അതിരൂക്ഷമായി തന്നെ തുടരും.
സ്കൂള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത് വൈകിയാലും പ്രതിസന്ധി മാറില്ല. ജനജീവിതം സാധാരണ നിലയിലേക്ക് മാറിയാല്‍ മാത്രമേ ഇപ്പോഴുള്ള സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുകയുള്ളൂവെന്ന് മുംതാസ് പറഞ്ഞു.
കോഴിക്കോട് മോഡല്സ്കൂളിന് സമീപത്തെ ബസ്റ്റോപ്പിനടുത്ത് അഞ്ചു വര്‍ഷം മുമ്പാണ് കുടുംബശ്രീയുടെ ഇ-ഷോപ്പ് ആരംഭിച്ചത്. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മിതമായ നിരക്കില്‍ ലഘുഭക്ഷണം നല്‍കുകയെന്ന ലക്ഷ്യവുമായിട്ടായിരുന്നു ഷോപ്പ് തുടങ്ങിയത്.
ഭര്‍ത്താവ് ഹുസൈനും സുഹൃത്തുക്കളായ പ്രമീളയും ജലജയും ഒപ്പം നിന്നതോടെ മുംതാസിന്റെ സ്വപ്നം പൂവണിയുകയായിരുന്നു. അഞ്ച് വര്‍ഷം മുമ്പ ആരംഭിച്ച ഷോപ്പ് മിതമായ വിലയില്‍ മാത്രമാണ് വില്പന തുടര്‍ന്നത്. അതിനിടെ സാധനങ്ങളുടെ വില പലവട്ടം കുതിച്ചുയര്‍ന്നു.
ഒരിക്കല്‍ മാത്രം കടികള്‍ക്ക് ഏഴ് രൂപയാക്കി വര്‍ധിപ്പിച്ചെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും മുംതാസ് അഞ്ചു രൂപയിലേക്ക് തന്നെ മാറി. ഇനി കട തുറന്നാല്‍ വിഭവങ്ങള്‍ക്ക് വില കൂടുമോയെന്നാണ് സമീപത്തെ സ്ഥാപനങ്ങളിലും മറ്റുമുള്ളവര്‍ ഉറ്റുനോക്കുന്നത്.
സിറ്റിയില്‍ മാത്രം 1200 കടകള്‍
കോഴിക്കോട് നഗര പരിധിയില്‍ മാത്രം 1500 ഓളം പെട്ടികടകളുണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ ഭൂരിഭാഗം തൊഴിലാളികളും പട്ടിണിയിലാണ്. പല യൂണിയനുകളും സഹായ ഹസ്തവുമായി രംഗത്തുള്ളതാണ് ഇവര്‍ക്ക് ആശ്വാസം.
നഗര പരിധിയിലെ യൂണിയന് കീഴിലുള്ള 400 ഓളം പേര്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് ഉന്തുവണ്ടി പെട്ടികട വഴിവാണിഭ യൂണിയന് എസ്ടിയു കോഴിക്കോട് ടൗണ്‍ പ്രസിഡന്റ് ഫൈസല്‍ പള്ളിക്കണ്ടി പറഞ്ഞു.
പല കച്ചവടക്കാര്‍ക്കും സഹായധനവും യൂണിയന് നല്‍കുന്നുണ്ട്. ലോക്ക്ഡൗണ്‍ ഇനിയും നീളുന്ന പക്ഷം ഇവരുടെ ജീവിതം താറുമാറാകുമെന്നും സര്‍ക്കാര്‍ ഇടപെട്ട് ധനസഹായമുള്‍പ്പെടെയുള്ള സഹായം നല്‍കണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം.