സ്വന്തം ലേഖകൻ
തൃശൂർ: പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന പതിവ് ഡയലോഗ് കേട്ടുകേട്ട് മടുത്തിട്ടുണ്ടെങ്കിലും കോവിഡ് കാലത്ത് പുകവലിക്കുന്നത് ആരോഗ്യത്തിന് അതീവ ഹാനികരം എന്നോർക്കുക.
കോവിഡ് പടർന്നുപിടിക്കുന്പോഴും എത്രയോ പേർ പുകച്ചു തള്ളുന്നതിനിടെയാണ് ഒരു ലോകപുകയില വിരുദ്ധ ദിനം കൂടി കടന്നെത്തുന്നത്.
സിഗരറ്റ് വലിക്കുന്പോൾ ഓരോ തവണവും കൈ വായോടു ചേർത്തു പിടിക്കേണ്ടി വരുന്നതിനാൽ വൈറസ് ബാധിക്കാനുള്ള സാധ്യത ഏറെയാണെന്നാണു ലോക ആരോഗ്യ സംഘടനയുടെ നിഗമനമെന്ന് അസോസിയേഷൻ ഓഫ് പൾമനോളജിസ്റ്റ്സ് തൃശൂരിന്റെ പ്രസിഡന്റായ ഡോ.ജൂഡോ വാച്ചപറന്പിൽ പറഞ്ഞു.
പുകവലിക്കാരുടെ ശ്വാസകോശത്തിനു പൊതുവേ ആരോഗ്യം കുറവായിരിക്കുമെന്നും ന്യൂമോണിയ പോലെയുള്ള രോഗം ബാധിച്ചാൽ ശ്വാസതടസ സാധ്യത ഏറെയാണെന്നും ഡോ.ജൂഡോ ചൂണ്ടിക്കാട്ടി.
ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ ഫെബ്രുവരിയിൽ ഇതു സംബന്ധിച്ച് ഒരു പഠനം പ്രസിദ്ധീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പുകവലിയും കോവിഡും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന അന്വേഷണം ലോകമെന്പാടും നടക്കുന്ന സമയം കൂടിയാണിത്. പുകവലിക്കുന്നവരിൽ കോവിഡ് വരാനുള്ള സാധ്യത കൂടുതലാണോ എന്ന ചോദ്യം പല വലിയൻമാരും ഉന്നയിക്കുന്നുണ്ട്.
കണക്കുകൾ പ്രകാരം പുകവലിക്കാരിലും പുകവലിക്കാത്തവരിലും കോവിഡ് ബാധ വരാനുള്ള സാധ്യതകളിൽ വ്യത്യാസമില്ലെങ്കിലും വന്നു കഴിഞ്ഞാൽ ശ്വാസകോശത്തെ വളരെ അധികം ബാധിക്കുകയും മരണം വരെ സംഭവിക്കുകയും ചെയ്യാം.
പുകയില ഉത്പന്നങ്ങൾ ഉപയോഗിയ്ക്കുന്പോൾ കയ്യിൽ നിന്ന് വായിലേയ്ക്കോ മൂക്കിലേക്കോ വൈറസ് പടരാനുള്ള സാധ്യത കൂടുതലാണ് മാത്രമല്ല, ഏതുതരം പുകയില ഉപയോഗവും ശ്വാസകോശത്തിന്റെ പ്രതിരോധശേഷി നശിപ്പിയ്ക്കുകയും ഗുരുതരരോഗാവസ്ഥ ഉണ്ടാവുകയും ചെയ്യുന്നുവെന്ന് ഡോക്ടർമാർ ഓർമിപ്പിക്കുന്നു.
പുകവലിയ്ക്കുന്നവരിൽ മറ്റുള്ള ശ്വാസകോശ അണുബാധ മൂർച്ഛിിക്കുന്നതു പോലെത്തന്നെ കോവിഡ് രോഗവും ശ്വാസകോശത്തെ തീവ്രമായി ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്.
ലോക ആരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഓരോ വർഷവും ഏകദേശം എട്ടുദശലക്ഷം ജനങ്ങൾ പുകയില ഉപയോഗം കൊണ്ട് മരണപ്പെടുന്നു.
അതിൽ ഏഴു ദശലക്ഷം ജനങ്ങൾ മരിക്കുന്നത് പുകയിലയുടെ നേരിട്ടുള്ള ഉപയോഗം കൊണ്ടും 1.2 ദശലക്ഷം ജനങ്ങൾ മരിക്കുന്നത് മറ്റുള്ളവർ വലിയ്ക്കുന്ന പുക ശ്വസിക്കുന്നതുകൊണ്ടുമാണ്.
കോവിഡ് കാലത്തായാലും അല്ലെങ്കിലും സിഗരറ്റു വലി നിർത്തുകയെന്നതാണ് ഡോക്ടർമാരും ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകുന്നത്.