ന്യൂഡൽഹി: ആരാധാനാലയങ്ങൾ തുറക്കുന്നതടക്കം നിരവധി ഇളവുകൾ നൽകി ദേശീയ ലോക്ക്ഡൗൺ വീണ്ടും നീട്ടി. ജൂൺ 30 വരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്.
അഞ്ചാം പതിപ്പിൽ ഇതുവരെയുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മൂന്ന് ഘട്ടമായി നീക്കുകയാണ് ചെയ്യുന്നത്. അഞ്ചാം ഘട്ടം ജൂൺ ഒന്ന് മുതൽ ആരംഭിക്കുമെങ്കിലും എട്ടാം തീയതി മുതൽ ഇളവുകൾ നൽകിത്തുടങ്ങും.
ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ മാർഗനിർദേശപ്രകാരം കോവിഡ് തീവ്രബാധിത പ്രദേശങ്ങൾ ഒഴിച്ച് എല്ലാ പ്രവർത്തനങ്ങളും ഘട്ടംഘട്ടമായി പുനരാരംഭിക്കാൻ അനുമതി നൽകുകയാണ്.
എന്നാൽ ഹോട്ട്സ്പോട്ടുകളിൽ കർശന നിയന്ത്രണങ്ങൾ തുടരും. ലോക്ക്ഡൗൺ പുതിയ പതിപ്പിൽ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും കൂടുതൽ അധികാരങ്ങൾ നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാരുകൾക്ക് സാഹചര്യം വിലയിരുത്തി നിയന്ത്രണം ഏർപ്പെടുത്താം.
ആദ്യഘട്ടം- ജൂൺ എട്ട് മുതൽ
ആരാധാനാലയങ്ങൾ, ഹോട്ടൽ, റസ്റ്റോറന്റുകൾ, ഷോപ്പിംഗ് മാളുകൾ തുടങ്ങിയവയ്ക്ക് പ്രവർത്തനാനുമതി. ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശങ്ങൾക്ക് അനുസരിച്ച് സാമൂഹിക അകലം ഉറപ്പുവരുത്തിയാകും പ്രവർത്തിക്കാൻ അനുമതി നൽകുക.
രണ്ടാം ഘട്ടം
സ്കൂളുകൾ, കോളേജുകൾ, കോച്ചിംഗ് സ്ഥാപനങ്ങൾ തുടങ്ങിയവ സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും കൂടിയാലോചിച്ച ശേഷം തുറക്കും.
മൂന്നാം ഘട്ടം
തിയറ്റർ, ജിംനേഷ്യം, സ്വിമ്മിംഗ് പൂളുകൾ, പാർക്കുകൾ, മെട്രോ റെയിൽ സർവീസ് എന്നിവയ്ക്ക് പ്രവർത്തനാനുമതി
ലോക്ക്ഡൗൺ അഞ്ചാം പതിപ്പിൽ അന്തർസംസ്ഥാന, അന്തർജില്ലാ യാത്രകൾക്ക് അനുമതി നൽകിയിട്ടുണ്ട്. രാജ്യാന്തരവിമാന സർവീസുകൾ ആരംഭിക്കുന്നത് സ്ഥിതി വിലയിരുത്തിയ ശേഷംമാത്രം. പൊതുപരിപാടികൾക്കുള്ള വിലക്ക് തുടരും.