കോവിഡ് മൂലം ദുരിതത്തിലായ രാജ്യത്തെ കര്‍ഷകരെ കണ്ണീരിലാഴ്ത്തുകയാണ് വെട്ടുക്കിളി ആക്രമണം. ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് എന്ന നിലയില്‍ നാശം വിതച്ചു മുന്നേറുകയാണ് വെട്ടുകിളികള്‍.
മനുഷ്യന് തിന്നാനുള്ളത് തിന്നു മുടിപ്പിക്കുന്ന വെട്ടികിളിയെ മനുഷ്യന് ഭക്ഷണമാക്കണമെന്ന ചിന്തയാണ് സമൂഹമാധ്യമങ്ങളില്‍ പലരും പങ്കുവയ്ക്കുന്നത്.
കഴിഞ്ഞ വര്‍ഷം അവസാനം പാക്കിസ്ഥാനില്‍ വെട്ടുകിളി ആക്രമണം രൂക്ഷമായപ്പോള്‍ വെട്ടുകിളികളെ പിടിച്ച് ബിരിയാണി വച്ചാണ് കര്‍ഷകര്‍ നേരിട്ടത്.
ഇപ്പോള്‍ രാജസ്ഥാനിലും പലരും വെട്ടുകിളി ബിരിയാണി വച്ചു കഴിക്കുന്നതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുണ്ട്.
വെട്ടുകിളി ആക്രമണത്തിന് നിസാര പരിഹാരം, വെട്ടുകിളി വിഭവങ്ങളെ കുറിച്ച് പഠിക്കുക എന്ന തലക്കെട്ടോടെ ഇതിന് സഹായമാകുന്ന പോസ്റ്റുകളും ഇപ്പോള്‍ ട്വിറ്ററില്‍ കാണാം.
ജീവനോടെ വെട്ടുകിളികളെ പിടികൂടി സഞ്ചിയിലാക്കി വില്‍ക്കുന്ന കച്ചവടക്കാരുടെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഭക്ഷ്യവിളകള്‍ നശിപ്പിക്കുന്നതിനൊപ്പം വ്യോമഗതാഗതത്തിനും വെട്ടുകിളികള്‍ ഭീഷണിയാവാവന് സാധ്യതയുണ്ടെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) മുന്നറിയിപ്പ്.
രാജസ്ഥാന്, പഞ്ചാബ്, ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കൃഷിയിടങ്ങളില്‍ വ്യാപക നാശം സൃഷ്ടിച്ച വെട്ടുകിളികള്‍ ഡല്‍ഹിയിലേക്കും എത്താനുള്ള സാധ്യത മുന്‍നിര്‍ത്തി സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഡിജിസിഎ വിശദീകരിച്ചു.
പൈലറ്റുമാര്‍, വിമാനത്താവളങ്ങളിലെ എന്‍ജിനീയര്‍മാര്‍ എന്നിവര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ചാണു മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്.
താഴ്ന്നു പറക്കുന്ന വെട്ടുകിളിക്കൂട്ടങ്ങള്‍ വിമാനങ്ങള്‍ പറന്നുയരുമ്പോഴും ഇറങ്ങുമ്പോഴും ഭീഷണിയാകാമെന്നു മുന്നറിയിപ്പില്‍ പറയുന്നു.
വെട്ടുകിളിക്കൂട്ടങ്ങള്ക്കിടയിലൂടെ പറന്നുയരുന്നതും ഇറങ്ങുന്നതും കാരണം എന്ജിന്, എസി സംവിധാനങ്ങള്‍ക്കു തകരാറുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നാണു നിര്‍ദേശം.
എന്തായാലും വെട്ടുകിളി ബിരിയാണി കഴിച്ച പാകിസ്ഥാനികള്‍ എല്ലാം പറയുന്നത് സംഗതി കൊള്ളാം എന്നാണ്.
ചൈനയില്‍ ആയിരുന്നെങ്കില്‍ വെട്ടുകിളികളുടെ പൊടി പോലും കാണുകയില്ലായിരുന്നുവെന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.