വാഷിംഗ്ടണ്‍ ഡിസി: ജോർജ് ഫ്ളോയ്ഡിന്റെ മരണത്തെത്തുടർന്നുള്ള പ്രക്ഷോഭം അമേരിക്കയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. പ്രക്ഷോഭം അഞ്ചാം ദിവസത്തിലെത്തുന്പോൾ 50ഓളം നഗരങ്ങളിലാണ് ആളുകൾ തെരുവിലുള്ളത്. കോവിഡ് ഭീഷണിക്കും നിയന്ത്രണങ്ങൾക്കുമപ്പുറം വൻ റാലികളും നടത്തപ്പെട്ടു.
ജോർജ് ഫ്ളോയ്ഡിന്റെ മരണത്തിന് ഉത്തരവാദികളായ നാല് പോലീസുകാർക്കെതിരെയും നടപടി വേണമെന്നാണ് ആവശ്യം. കഴുത്തിൽ കാൽമുട്ട് അമർത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ ചുമത്തിയിരിക്കുന്നത് ദുർബലമായ കുറ്റങ്ങളാണെന്ന് സുഹൃത്തുക്കളും ബന്ധുക്കളും ആരോപിക്കുന്നു.
പ്രതിഷേധം നടക്കുന്ന പലയിടത്തും പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി. സംഘർഷ സാഹചര്യം കണക്കിലെടുത്ത് 20ലേറെ സംസ്ഥാനങ്ങളിലായി 40 നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
വാഷിംഗ്ടണ്‍ ഡിസി ഉൾപ്പെടെയുള്ള നഗരങ്ങളിലാണ് ഇപ്പോൾ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. വൈറ്റ്ഹൗസിന് സമീപത്തേക്ക് പ്രതിഷേധം എത്തിയതോടെയാണ് വാഷിംഗ്ടണിൽ കർഫ്യൂ പ്രഖ്യാപിച്ചത്.
ഇന്ത്യാനപൊളിസിലും ലോസ് ഏഞ്ചൽസിലും ഷിക്കാഗോ, അറ്റ്ലാന്റ, ലൂയിസ് വില്ലെ, സാൻഫ്രാൻസിസ്കോ, ഡെൻവർ തുടങ്ങിയ നഗരങ്ങളിലുമെല്ലാം കർഫ്യൂ ഏർപ്പെടുത്തി.