ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനം എംപിയുടെ അമ്മ ബ്രിജിത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ രണ്ടു ദിവസമായി കഴിയുന്ന 90-കാരിയായ ബ്രിജിത്തിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ട്.
ഡൽഹി ഖാൻ മാർക്കറ്റിനു സമീപമുള്ള ലോധി എസ്റ്റേറ്റിലെ ഔദ്യോഗിക വസതിയിൽ ഭാര്യ ഷീലയോടൊപ്പം രാജ്യസഭാംഗമായ അൽഫോണ്‍സ് ക്വാറന്റൈനിൽ കഴിയുകയാണ്. ഇരുവരും കോവിഡ് പരിശോധനകൾക്കു വിധേയമായി.
ഫലം ഇന്നറിയാം. ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെത്തുടർന്നു പതിവു പരിശോധനകൾക്കായി അമ്മയെ ആശുപത്രിയിലെത്തിച്ചപ്പോഴും കോവിഡിന്റെ മറ്റു ലക്ഷണങ്ങളോ, സംശയമോ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം വിശദീകരിച്ചു.
കോട്ടയം മണിമല സ്വദേശിയായ ബ്രിജിത്ത് കുറച്ചുനാളുകളായി ഡൽഹിയിൽ മകൻ അൽഫോണ്സിനോടൊപ്പമാണു താമസം. വീട്ടിൽ സഹായത്തിനുണ്ടായിരുന്ന ജോലിക്കാരനിൽ നിന്നാകാം വൈറസ് പകർന്നതെന്നാണു സംശയം. ക്വാറന്റൈനിൽ കഴിയുന്ന ജോലിക്കാരന്റെ സ്രവവും പരിശോധനയ്ക്കു നൽകിയിട്ടുണ്ട്.