കോട്ടയം: ദന്പതികളുടെ വീട്ടിൽ നിന്നു കാണാതായ ചുവന്ന വാഗണർ കാർ റോഡിലുടെ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു.
ഇന്നലെ രാവിലെ പത്തിനു ഇവരുടെ വീട്ടിലെ ചുവന്ന വാഗണ് ആർ കാർ സമീപത്തെ റോഡിലൂടെ കടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പോലീസിനു ലഭിച്ചിരിക്കുന്നത്. പ്രദേശത്തെ വീടുകളിലെ സിസിടിവി കാമറകൾ പരിശോധിച്ചതിൽ നിന്നുമാണ് ദൃശ്യങ്ങൾ ലഭിച്ചത്.
കാർ കുമരകം വഴി എറണാകുളം ഭാഗത്തേക്കു പോയതായാണ് പോലീസ് കണക്കു കൂട്ടുന്നത്. ഇതോടെ കാർ കണ്ടെത്തുന്നതിനായി പോലീസ് വാഹനത്തിന്റെ നന്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള നിർദേശം വിവിധ സ്റ്റേഷനുകളിലേക്കു നല്കി കഴിഞ്ഞു.
കാറിനായി താഴത്തങ്ങാടി, ഇല്ലിക്കൽ, കുമരകം, കോട്ടയം നഗരം എന്നിവിടങ്ങളിലെ നൂറുകണക്കിന് സിസിടിവി കാമറ ദൃശ്യങ്ങൾ രാത്രി തന്നെ പോലീസ് പരിശോധിച്ചു കഴിഞ്ഞു.
സാലിയുടെ മൊഴി നിർണായകമെന്നു പോലീസ്
കോട്ടയം: കൊലയാളിയുടെ ആക്രമത്തിൽ പരിക്കേറ്റ അതിവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന സാലിയുടെ മൊഴി നിർണായകമെന്ന് പോലീസ്.
സംഭവത്തെക്കുറിച്ചു വ്യക്തമായ കാര്യങ്ങൾ പറയാനാവുക സാലിക്കു മാത്രമാണ്. സാലിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിൽ ആക്രമണം സംബന്ധിച്ചു യഥാർഥ ചിത്രം പോലീസിനു വ്യക്തമാവുകയോള്ളു. സാലിയേയും മരിച്ച ഷീബയേയും അടുത്ത പരിചയമുള്ളവരാണു സംഭവത്തിനു പിന്നിലെന്നാണു പോലീസ് നിഗമനം.
മരണം ഉറപ്പാക്കിയതിനുശേഷം തെളിവു നശിപ്പിക്കാനും അന്വേഷണം ദിശ മാറ്റിവിടാനുള്ള ശ്രമങ്ങളും അക്രമികളുടെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്.
സാലിക്കും ഷീബക്കും പരിചയമുള്ള ഒരാളോ ഒന്നിലധികം പേരോ ആകാം എത്തിയിരിക്കുന്നത്. വീടിന്റെ പ്രധാന വാതിലിനോ മറ്റുള്ളയിടത്തോ അതിക്രമിച്ചു കയറിയിട്ടുള്ളതിനുള്ള തെളിവുകളില്ല.
വാതിൽ തുറന്നു കൊടുത്ത് അകത്തു കയറിയതിനുശേഷമാണ് അക്രമണം നടന്നിരിക്കുന്നത്. മാരക ആയുധങ്ങളുടെ സാന്നിധ്യം കൊലപാതകത്തിൽ കാണുന്നില്ല കരുതിക്കൂട്ടിയ കൊലപാതകമല്ലെന്നാണു പ്രാഥമിക നിഗമനം.
പരിചയമുള്ള ആളുമായുള്ള വാക്കു തർക്കമോ അതിനുശേഷമുണ്ടായ പ്രകോപനമോ ആകാം കൊലപാതകത്തിലേക്കു നയിച്ചതെന്നും സംശയിക്കുന്നു.