കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചു ജാമ്യം നേടിയ പ്രതി വീണ്ടും റിമാന്‍ഡില്‍.
ഇന്നലെ സെന്‍ട്രല്‍ പോലീസ് പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു. കുമ്പളം സ്വദേശി സഫര്‍ മന്‍സിലില്‍ സഫര്‍ ഷായെ (32) ആണ് റിമാന്‍ഡിലായത്.
പ്രതി തട്ടിപ്പിലൂടെയാണ് ജാമ്യം നേടിയതെന്നു വിലയിരുത്തി ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഇന്നലെ സിംഗിള്‍ബെഞ്ച് പോലീസിനു നിര്‍ദേശം നല്‍കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരായി ഒപ്പിടാന്‍ എത്തിയപ്പോഴാണു അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
എറണാകുളം സെന്‍ട്രല്‍ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പതിനേഴുകാരിയായ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ചു വാല്പാറയിലേക്കു കൂട്ടികൊണ്ടുപോയശേഷം കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ജനുവരി ഏഴിനാണു സംഭവം നടന്നത്.
പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ജനുവരി എട്ടിന് ഇയാളെ അറസ്റ്റ് ചെയ്തു. 83 ദിവസം പിന്നിട്ട ഏപ്രില്‍ ഒന്നിനു കുറ്റപത്രവും നല്കി.
എന്നാല്‍ 90 ദിവസം കഴിഞ്ഞിട്ടും പോലീസ് കുറ്റപത്രം നല്കാത്തതിനാല് തനിക്കു സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി പ്രതി ഹൈക്കോടതിയെ സമീപിച്ചു. കുറ്റപത്രം നല്‍കിയില്ലെന്ന പ്രതിയുടെ വാദത്തെ പബ്ലിക് പ്രോസിക്യൂട്ടര്‍ എതിര്‍ത്തുമില്ല. ഇതേത്തുടര്‍ന്ന് മേയ് 12നു പ്രതിക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചു.
സംഭവം വിവാദമായതോടെ ജാമ്യ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു സര്‍ക്കാര്‍ ഇതേ ബെഞ്ചില്‍ ഹര്‍ജി നല്‍കിയിരുന്നു. കുറ്റപത്രം നല്‍കിയെന്ന വിവരം അറിയിക്കാതിരുന്നത് പബ്ലിക് പ്രോസിക്യൂട്ടറുടെ ഭാഗത്തുണ്ടായ മനഃപൂര്‍വമല്ലാത്ത വീഴ്ചയാണെന്നും സര്‍ക്കാര്‍ വാദിച്ചു.
പ്രതി തട്ടിപ്പിലൂടെയാണ് ജാമ്യം നേടിയതെന്നു പ്രഥമദൃഷ്ട്യാ വ്യക്തമായ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ പുനഃപരിശോധാന ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നതിന് മുമ്പുതന്നെ നിയമപ്രകാരം അറസ്റ്റ് ചെയ്യാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിടുകയായിരുന്നു.
കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനു ഹര്‍ജിക്കാരന്റെ അഭിഭാഷകന് നിരുപാധികം മാപ്പ് അപേക്ഷിച്ചെങ്കിലും ഇക്കാര്യങ്ങള്‍ ഹര്‍ജിയില്‍ അന്തിമവാദം കേള്‍ക്കുന്ന സമയത്തു പരിഗണിക്കാമെന്നു കോടതി പറഞ്ഞു. പുനഃപരിശോധനാ ഹര്‍ജി നാളെ പരിഗണിച്ചേക്കും.