സ്വന്തം ലേഖകൻ
തൃശൂർ: മഴ കനക്കാൻ തുടങ്ങിയതോടെ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവർ ധരിക്കുന്ന മാസ്കുകൾ മഴയേറ്റു നനയുമെന്നതിനാൽ നനഞ്ഞ മാസ്ക് അധികം വൈകാതെ മാറ്റി പുതിയ മാസ്കു ധരിക്കണമെന്ന് ആരോഗ്യവകുപ്പ്.
വണ്ടികളിൽ യാത്ര ചെയ്യുന്പോൾ മഴക്കാലത്ത് മാസ്കു നനയുന്നതു സ്വാഭാവികമായതിനാൽ വീട്ടിൽ നിന്നോ ഓഫീസുകളിൽ നിന്നോ പുറത്തിറങ്ങുന്പോൾ മറക്കാതെ കൈയിൽ മൂന്നോ നാലോ മാസ്കുകൾ കരുതുക.
മാസ്കുകൾ നാലു മണിക്കൂറിലധികം ഉപയോഗിക്കരുതെന്നും മാറ്റി പുതിയത് ഉപയോഗിക്കണമെന്നും നേരത്തെ തന്നെ ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞിട്ടുള്ളതാണ്. നനഞ്ഞ മാസ്ക് എത്രയും പെട്ടന്നു മാറ്റിയില്ലെങ്കിൽ അതു മറ്റു പ്രശ്നങ്ങൾക്ക് കാരണമാകും.
ഷീൽഡുള്ള ഹെൽമറ്റുള്ളവർ ധരിക്കുന്ന മാസ്കുകൾ പെട്ടന്ന് നനയില്ലെങ്കിലും മഴയാത്രയ്ക്കുശേഷം പുതിയ മാസ്കുപയോഗിക്കുന്നതാണ് നല്ലതെന്ന് അധികൃതർ ഓർമിപ്പിക്കുന്നു.