അടൂർ: ഉത്രകൊലക്കേസില്‍ ഭർത്താവ് സൂരജിന്റെ അമ്മയും സഹോദരിയും കസ്റ്റഡിയിൽ. പറക്കോട്ടെ വീട്ടില്‍ നിന്നാണ് അമ്മ രേണുകയേയും സഹോദരി സൂര്യയേയും കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ചോദ്യം ചെയ്യലിനായി കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി.
രാവിലെ പത്തിന് ചോദ്യം ചെയ്യലിനെത്തിച്ചേരാനായി നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരുവരും ഹാജരായില്ല. തുടര്‍ന്നാണ് പുനലൂര്‍ പോലീസെത്തി കസ്റ്റഡിയിലെടുത്തത്.
സൂരജിന്റെ അച്ഛൻ സുരേന്ദ്രനെ തിങ്കളാഴ്ച രാത്രി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. സൂരജിന്റെ പറക്കോടുള്ള വീട്ടിൽ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയ്ക്കും തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷമായിരുന്നു അറസ്റ്റ്. സുരജും സുഹൃത്ത് സുരേഷും നേരത്തെ അറസ്റ്റിലായിരുന്നു.
സുരേന്ദ്രനെ ചോദ്യം ചെയ്തതിനൊടുവിൽ വീടിനു സമീപത്തെ റബർ തോട്ടത്തിൽ കുഴിച്ചിട്ടിരുന്ന ഉത്രയുടെ സ്വർണാഭരണങ്ങളും കണ്ടെടുത്തു. കൊലപാതകവും അനുബന്ധ സംഭവങ്ങളും അച്ഛന് അറിയാമായിരുന്നെന്നു സൂരജ് നേരത്തെ ക്രൈംബ്രാഞ്ചിനു മൊഴി നൽകിയിരുന്നു.
ഈ മൊഴിയെത്തുടർന്നാണ് ഇന്നു പോലീസ് ഇയാളെ ചോദ്യം ചെയ്തത്. തുടർന്നു സ്വർണം കുഴിച്ചിട്ടിരുന്ന സ്ഥലം സുരേന്ദ്രൻ കാണിച്ചുകൊടുക്കുകയായിരുന്നു.