അടൂര്‍: ഉത്ര കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സൂരജിന്റെ കുടുംബാംഗങ്ങളുടെ പങ്ക് കൂടുതല്‍ വ്യക്തമായതായി അന്വേഷണസംഘം. സൂരജിനന്റെ അച്ഛന് സുരേന്ദ്രന് പോലീസ് കസ്റ്റഡിയിലുണ്ട്. ഇദ്ദേഹവുമായി ഇന്നും നാളെയും തെളിവെടുപ്പുകള്‍ തുടരും.
മാതാവ് രേണുക, സഹോദരി സൂര്യ എന്നിവരെ ചോദ്യം ചെയ്യലിനുശേഷം ഇന്നലെ രാത്രി വീട്ടിലേക്കു വിട്ടെങ്കിലും എപ്പോള്‍ വിളിച്ചാലും എത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സൂരേന്ദ്രനെയും രേണുകയും സൂര്യയെയും ഒന്നിച്ചിരുത്തി തെളിവെടുത്തേക്കാനും സാധ്യതയുണ്ട്.
ഉത്രയ്ക്ക് ആദ്യം പാമ്പുകടിയേറ്റ മാര്‍ച്ച് രണ്ടിനു രാവിലെ സൂരജ് അടൂരിലെ ബാങ്കിലെത്തി ലോക്കര്‍ തുറന്നതായി വിവരം ലഭിച്ചിട്ടുണ്ട്. സൂരജിന്റെയും ഉത്രയുടെയും പേരിലായിരുന്നു ലോക്കറെങ്കിലും സൂരജിനു മാത്രമായി ഇതു തുറക്കാന്‍ കഴിയുമായിരുന്നു.
ഇതനുസരിച്ച് ലോക്കര്‍ തുറന്ന് എടുത്തുകൊണ്ടുവന്ന സ്വര്‍ണമാണ് കഴിഞ്ഞദിവസം കണ്ടെടുത്തതെന്നു സംശയിക്കുന്നു. ബാങ്ക് ലോക്കര്‍ കൂടി പരിശോധിച്ചെങ്കില്‍ മാത്രമേ സ്വര്‍ണത്തിന്റെ പൂര്‍ണമായ വിവരം പുറത്തുവരികയുള്ളൂവെന്ന് അന്വേഷണസംഘം അറിയിച്ചു.
വരുംദിവസങ്ങളില്‍ അതുണ്ടാകും. ഉത്രയ്ക്കും മകനുമായി 100 പവനോളം ആഭരണങ്ങള്‍ ഉണ്ടായിരുന്നതായി പറയുന്നു. ഉത്രയെ മാര്‍ച്ച് രണ്ടിനു അടൂരിലെ വീട്ടില്‍വച്ച് പാമ്പു കടിയേല്പിക്കാന് മുന്‍കൂട്ടി സൂരജ് പദ്ധതിയിട്ടിരുന്നതിന്റെ തെളിവായാണ് ബാങ്ക് ലോക്കറില്‍ നിന്നു സ്വര്‍ണം മാറ്റിയതെന്ന് വ്യക്തമായിട്ടുണ്ട്.
അണലിയെ ഉപയോഗിച്ച് കടിപ്പിച്ചത് ആസൂത്രിതമെന്ന് ഇതോടെ വ്യക്തമായി. എന്നാല്‍ മുറ്റത്തുവച്ച് പാമ്പുകടിയേറ്റുവെന്ന് പറയുന്നതു സംബന്ധിച്ച് ചില തെളിവെടുപ്പുകള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്. പാമ്പുകടിയേറ്റ ഉത്രയ്ക്ക് ചികിത്സ മനഃപൂര്‍വം വൈകിപ്പിച്ചുവെന്ന ആരോപണവും ശക്തമാകുകയാണ്.
ഇതു സംബന്ധിച്ച ഇന്നലെ മാതാവും സഹോദരിയും നല്കിയ ചില മൊഴികളിലും പൊരുത്തക്കേടുകള്‍ കാണുന്നുണ്ട്. ഉത്രയെ ഇല്ലാതാക്കാന്‍ സൂരജ് നടത്തിയ ശ്രമങ്ങള്‍ക്ക് കുടുംബാംഗങ്ങളുടെ അറിവുണ്ടായിരുന്നുവെന്നതിനു വ്യക്തമായ തെളിവുകള്‍ തേടുകയാണ് അന്വേഷണസംഘം.
സ്വര്‍ണം ഒളിപ്പിച്ചത് കുടുംബാംഗങ്ങളുടെ അറിവോടെയാണെന്നു വ്യക്തമായതിനു പിന്നാലെയാണ് മാര്‍ച്ച് രണ്ടിനു പാമ്പു കടിയേല്‍ക്കുന്ന സംഭവത്തിലും ഇവരുടെ പങ്ക് അന്വേഷിക്കുന്നത്. സൂരജിന്റെ നിര്‍ദേശപ്രകാരം പലതും മറച്ചുപിടിക്കാന്‍ മാതാപിതാക്കള്‍ ആദ്യം മുതല്‍ ശ്രദ്ധിച്ചിരുന്നെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി.
പാമ്പുകടിയേറ്റശേഷം ഉത്രയെ അടൂരിലെ ആശുപത്രികളില്‍ എത്തിച്ചതു തന്നെ രണ്ട് മണിക്കൂര്‍ വൈകിയാണ്. കാലില്‍ ആഴത്തിലുള്ള മുറിവായിരുന്നു. ആശുപത്രിയില്‍ നിന്നാണ് പിന്നീട് പുഷ്പഗിരി മെഡിക്കല്‍ കോളജിലേക്കു മാറ്റിയത്.
ആശുപത്രിയില്‍ ചികിത്സാച്ചെലവ് അടക്കം വഹിച്ചത് ഉത്രയുടെ കുടുംബാംഗങ്ങളാണ്. 10 ലക്ഷം രൂപയാണ് ആശുപത്രിയില്‍ ചെലവായത്.