ഏറ്റുമാനൂർ: നിർമാണത്തിലിരുന്ന ലോഡ്ജ് മുറിയിൽ ഉടമയുടെ സഹോദരനെയും തൊഴിലാളിയെയും വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പിടിയിലായ പ്രതികൾ പോക്കറ്റടി സംഘത്തിൽപ്പെട്ടവർ.
ആലുവാ തോട്ടാളിയിൽ ഷാനവാസ് (36), തിരുവനന്തപുരം ആര്യനാട് കുന്നുംപുറത്ത് രാജു (71) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ സംഘത്തിൽപ്പെട്ട രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്. ഇവർക്കായി അന്വേഷണം ആരംഭിച്ചതായി ഏറ്റുമാനൂർ പോലീസ് പറഞ്ഞു.
പ്രതികളെ പെരുന്പാവൂരിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിച്ചു പോക്കറ്റടി നടത്തുന്നവരാണ്. പോക്കറ്റടി ലക്ഷ്യമിട്ട് ഏറ്റുമാനൂർ ക്ഷേത്ര ഉത്സവത്തിനായി എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.
ഉത്സവ ദിവസമായ കഴിഞ്ഞ മാർച്ച് അഞ്ചിന് ഇവർ നിർമാണം നടന്നു കൊണ്ടിരുന്ന ലോഡ്ജിലെ പടുത കൊണ്ട് മറച്ച സ്ഥലത്ത് മദ്യപിക്കാനായി എത്തിയതായിരുന്നു. എന്നാൽ ഇവിടെ ഇരിക്കാൻ പറ്റില്ലെന്ന് പറഞ്ഞതോടെയാണ് ഇവർ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അക്രമണം നടത്തിയത്.
ആക്രമണത്തിൽ പുന്നത്തുറ മാടപ്പാട് വേലിത്താനത്ത് കുന്നേൽ ജോജോ, തൃശൂർ സ്വദേശി സുനിൽ കുമാർ (50) എന്നിവർക്കാണ് വെട്ടേറ്റത്. ലോഡ്ജ് ഉടമ തൃശൂർ സ്വദേശി വിഷ്ണുവിന്റെ സഹോദരനാണ് ജോജോ. ജോജോയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവാണുണ്ടായത്. സുനിൽ കുമാറിന്റെ ചുമലിലും വെട്ടേറ്റു.
സിസിടിവി ദ്യശ്യങ്ങളിൽ നിന്നു ലഭിച്ച ചിത്രങ്ങൾ ഉപയോഗിച്ചാണ് പ്രതികളെ പോലീസ് കുടുക്കിയത്. ജില്ലാ പോലീസ് ചീഫ് ജി. ജയദേവിന്റെ നിർദേശപ്രകാരം ഡിവൈഎസ്പി ആർ.ശ്രീകുമാർ, ഏറ്റുമാനൂർ എസ്എച്ച്ഒ എ. അൻസാരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.