പത്തനംതിട്ട: പമ്പ ത്രിവേണിയില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം വിവാദങ്ങളില്‍ കുടുങ്ങി. 2018ലെ മഹാപ്രളയത്തില്‍ പമ്പയില്‍ അടിഞ്ഞുകൂടിയ മണ്ണ്, കെട്ടിടാവശിഷ്ടങ്ങള്‍, മണല്‍ അടക്കം നീക്കുന്നതിനു നല്കിയ കരാറാണ് നടപ്പാക്കാനാകാത്തത്.
കണ്ണൂര്‍ ആസ്ഥാനമായുള്ള കേരള ക്ലേയ്സ് ആൻഡ് സിറാമിക്സ് പ്രൊഡക്ട്സ് എന്ന പൊതുമേഖലാകമ്പിനിയെയാണ് സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ളത്. മണല്‍ നീക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ദുരന്ത നിവാരണ അഥോറിറ്റി ചെയര്മാന് എന്ന നിലയില്‍ നല്കിയ ഉത്തരവിന് വനംവകുപ്പ് തടസവാദം ഉന്നയിച്ചതോടെയാണ് ചീഫ് സെക്രട്ടറി തലത്തില്‍ ഇടപെടലുണ്ടായത്.
ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസ് സര്‍വീസില്‍ നിന്നു വിരമിക്കുന്നതിനു തൊട്ടുമുമ്പ് ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയ്ക്കും ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കുമൊപ്പം സ്ഥലം സന്ദര്‍ശിച്ച് മണല്‍ നീക്കാന്‍ നിര്‍ദേശം നല്കി. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് വേണമെന്ന നിലപാടില്‍ വനംവകുപ്പ് ഉറച്ചുനിന്നു.
അതിനുശേഷം വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് മണല്‍ വാരിക്കൂട്ടാന്‍ വനംവകുപ്പ് അനുമതി നല്കി. കോട്ടയെ ഒരു സ്വകാര്യ കമ്പനിയാണ് ഈ പ്രവൃത്തി ചെയ്യുന്നത്. നിലവില്‍ കാര്യമായപ്രവര്ത്തനമില്ലാത്ത കേരള ക്ലേയ്സ് ആന്‍ഡ് സിറാമിക്സ് പ്രൊഡക്ട്സ്ലിമിറ്റഡിനെ പമ്പയില്‍നിന്നും മണല്‍ വാരിമാറ്റാന്‍ നിയോഗിച്ചതില്‍ ദുരൂഹത ഉണ്ടെന്നാണ് ആക്ഷേപം.
ആയിക്കണക്കിന് ലോഡ്മണല് സൗജന്യമായി കൊണ്ടുപോകുന്നത് സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നും ചൂണ്ടിക്കാണിക്കുന്നു. മണ്ണായാലും മണലായാലും അവ വനം ഉല്പന്നമാണെന്നും അത് സൗജന്യമായി കടത്തികൊണ്ടു പോകുന്നത് അഴിമതിയാണെന്നുമാണ് വനം ഉദ്യോഗസ്ഥരുടെ പക്ഷം.
വാരാവുന്ന മണലിന്റെ വ്യക്തമായ കണക്കുപോലും ഇല്ല. 2018ല്‍ അടിഞ്ഞുകൂടിയ മണലിന്റെ ഒരു ഭാഗം കഴിഞ്ഞവര്‍ഷത്തെ വെള്ളപ്പൊക്കത്തില്‍ നഷ്ടപ്പെട്ടിരുന്നു. ഇതിനിടെ മണല്‍നീക്കം ത്വരിതപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ ആകാശയാത്രയും വിവാദത്തിലാണ്.
വനംവകുപ്പ് തടസം ഉന്നയിച്ചതിനെതുടര്‍ന്ന് മേയ് 29ന് അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ്, ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത, ഡിജിപി ലോക് നാഥ് ബെഹ്റ എന്നിവര്‍ ഹെലികോപ്ടറിലാണ് പമ്പയിലെത്തിയത്. പ്രളയകാല മുന്നൊരുക്കങ്ങളുടെ ഭാഗമായി സ്വീകരിക്കേണ്ട നടപടികള്‍ക്കായി ആകാശയാത്രയെന്നതായിരുന്നു വിശദീകരണം.
പോലീസ് വകുപ്പ് വാടകയ്ക്കെടുത്തിട്ടുള്ള ഹെലികോപ്ടറില്‍ ഉന്നത ഉദ്യോഗസ്ഥരുടെ സഞ്ചാരത്തിനിടെ നിര്‍ദിഷ്ട ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട നിരീക്ഷണവും നടത്തിയതായി പറയുന്നു.
വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരെ കൂട്ടാതെ തടസങ്ങള്‍ പരിഹരിക്കാന്‍ ചീഫ് സെക്രട്ടറി എത്തിയതില്‍ അന്നുതന്നെ ആക്ഷേപങ്ങളുയര്‍ന്നിരുന്നു. മണല്‍ നീക്കാന്‍ അനുമതി നല്കുന്ന കാര്യം ആലോചിച്ചു തീരുമാനിക്കുമെന്ന പ്രതികരണമാണ് വനംമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്.