കോഴിക്കോട് : ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന കെഎസ്ആര്‍ടിസി അയല്‍ ജില്ലാ സര്‍വീസുകള്‍ പുനരാരംഭിച്ചു. രാവിലെ ആറു മുതല്‍ തന്നെ ഉത്തരമേഖലയുടെ കീഴില്‍ വരുന്ന മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ , കാസര്‍ഗോഡ് ജില്ലകളില്‍ നിന്ന് സര്‍വീസുകള്‍ ആരംഭിച്ചതായി സോണല്‍ ഓഫീസര്‍ സി.വി.രാജേന്ദ്രന് “രാഷ്ട്ര ദീപിക’ യോട് പറഞ്ഞു.
അതേസമയം യാത്രക്കാരുടെ എണ്ണം കുറവായതിനാല്‍ പഴയ സമയക്രമം പാലിച്ചല്ല സര്‍വീസ് നടത്തുന്നത്. ഓരോ മണിക്കൂര്‍ ഇടവേളയില്‍ സര്‍വീസ് നടത്താനാണിപ്പോള്‍ തീരുമാനം.
ഇന്നത്തെ സര്‍വീസ് അടിസ്ഥാനത്തില്‍ സമയക്രമത്തില്‍ ആവശ്യമെങ്കില്‍ നാളെ മുതല്‍ മാറ്റം വരുത്തും. സര്‍വീസ് നടത്തുന്നതു സംബന്ധിച്ചു യാത്രക്കാര്‍ക്ക് അറിയിപ്പുകള് നല്‍കാനുള്ള സംവിധാനം സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കോഴിക്കോട് നിന്ന് ആദ്യ രണ്ടു മണിക്കൂറില്‍ 16 സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ജോഷി ജോണ്‍ പറഞ്ഞു. കോഴിക്കോട് ഡിപ്പോയില്‍ നിന്ന് വയനാട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലേക്കാണിപ്പോള് സര്‍വീസ് ആരംഭിച്ചത്.
അവിടെ നിന്നും തൊട്ടടുത്ത ജില്ലകളിലേക്ക് സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് അവരുടെ ജില്ലകളിലേക്ക് എത്തുന്നതിനുള്ള മറ്റു ബസുകളുടെ സമയത്തെ കുറിച്ചുള്ള വിവരവും കെഎസ്ആര്‍ടിസി നല്‍കും.
ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് ശേഷം കഴിഞ്ഞ മാസം 20 ന് ശേഷം ജില്ലകള്‍ക്കുള്ളില്‍ കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചിരുന്നു. യാത്രക്കാരുടെ എണ്ണം കുറവായതിനാല്‍ തിരക്കേറിയ റൂട്ടുകളില്‍ മാത്രമായിരുന്നു കൂടുതലായും സര്‍വീസ് നടത്തിയത്.
എല്ലാ സീറ്റിലും യാത്രക്കാർക്ക് ഇരിക്കാമെന്നതിനാൽ പഴയ ടിക്കറ്റ്നിരക്ക് മാത്രമെ ഈടാക്കു. യാത്രക്കാർ നിർബന്ധമായും മാസ്ക്ക് ധരിച്ചിരിക്കണം. മാസ്ക്ക് ഇല്ലാത്തവരെ ബസിൽ കയറ്റില്ല. യാത്രയ്ക്ക് മുൻപും ഇറങ്ങുന്പോഴും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചിയാക്കണം.