മട്ടന്നൂർ: കണ്ണൂർ വിമാനത്താവളമായ മട്ടന്നൂർ നഗരത്തെ മാലിന്യമുക്തമാക്കാനുള്ള അധികൃതരുടെ പരിശ്രമങ്ങൾക്കിടയിലും മാലിന്യ നിക്ഷേപം വ്യാപകമാകുന്നു. രാത്രി കാലങ്ങളിലും മറ്റും മാലിന്യങ്ങൾ ആളൊഴിഞ്ഞ ഇടങ്ങളിൽ കൊണ്ടുപോയി തള്ളുന്നത് അധികൃതർക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
നഗരസഭയിലെ പയ്യപ്പറമ്പ് പൈപ്പ് ലൈൻ റോഡിൽ തള്ളിയ മാലിന്യം നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധിച്ചു. കടകളിൽ നിന്നും വീടുകളിൽ നിന്നും മാലിന്യം കമ്മീഷൻ വ്യവസ്ഥയിൽ ശേഖരിക്കുന്ന ചിലരാണ് ഇതിനു പിന്നിലെന്ന് സൂചന കിട്ടിയിട്ടുണ്ട്.
നാലാങ്കേരി – പയ്യപ്പറമ്പ് റോഡിലെ ആളൊഴിഞ്ഞ പ്രദേശത്ത് കുറ്റിക്കാട്ടിലാണ് ലോഡുകണക്കിന് മാലിന്യം നിക്ഷേപിച്ചത്.
കുന്നിൻ പ്രദേശമായ ഇവിടെ നിന്ന് മാലിന്യങ്ങൾ ഒഴുകി താഴെ എത്തുന്നതിനു പുറമേ എലിപ്പനിയും ഡെങ്കിപ്പനിയും പടരാനും ഇടയാവുമെന്ന ആശങ്കയുണ്ട്.
മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. റോജ പറഞ്ഞു.
വാഹനങ്ങളിലും മറ്റുമായി പോകുന്നവർ റോഡരികിലേക്ക് മാലിന്യം വലിച്ചെറിയുന്ന അവസ്ഥയുണ്ട്. പരിശോധനയ്ക്ക് ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ നമിത നാരായണൻ, ശ്യാം കൃഷ്ണൻ, കെ.ശ്രുതി, ജോബിൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.