ചെങ്ങന്നൂർ: മുളക്കുഴയിൽ മൂന്നാം ക്ലാസ് വിദ്യാർഥിയെ ട്യൂഷൻ അധ്യാപകൻ ക്രൂരമായി തല്ലിച്ചതച്ചെന്ന് പരാതി. അധ്യാപക നെതിരേ ചെങ്ങന്നൂർ പോലീസ് കേസെടുത്തു.
ലോക് ഡൗൺ സമയത്ത് സാമൂഹിക അകലം പാലിക്കാതെ ഇക്കഴിഞ്ഞ 30ന് വൈകിട്ട് അഞ്ചു മണിയോടെയാണ് വീട്ടിൽ വച്ച് കുട്ടികളെ ട്യൂഷൻ പഠിപ്പിച്ചതും അതിൽ ഒരു കുട്ടിയെ അധ്യാ പകൻ ക്രൂരമായി തല്ലിയതും.
അയൽവാസികൾ അറിയിച്ചതിനെത്തുടർന്ന് ഗ്രാമപഞ്ചായത്ത് അംഗം പി.വി ഐശ്വര്യയും ആശാ വർക്കറും സംഭവസ്ഥലത്തെത്തി. കുട്ടിയുടെ വീട്ടിലെത്തി കുട്ടിയോട് വിവരങ്ങൾ തിരക്കിയപ്പോൾ കുട്ടി പറഞ്ഞത് ഗുണന പട്ടിക പഠിക്കാത്തതിന്റെ പേരിലായിരുന്നു തല്ലിയതെന്നാണ്.
ഒന്നു മുതൽ ഒമ്പതു വരെയുള്ള ഗുണന പട്ടിക പഠിച്ചു കൊണ്ടുവരാൻ ട്യൂഷൻ അധ്യാപകൻ പറയുകയും അതെഴുതി കാണിച്ചപ്പോൾ ഒരെണ്ണം തെറ്റിച്ചതിനാണ് കുട്ടിയെ ക്രൂരമായി തല്ലിയതെന്നും വാർഡംഗം ഐശ്വര്യ പറഞ്ഞു.
രക്ഷകർത്താവിന് പരാതി ഇല്ലാത്തതിനാൽ വാർഡംഗം പോലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയുടെ ദേഹത്തെ പാടുകളുടെ ഫോട്ടോ, ഇതോടൊപ്പം പരാതി എന്നിവ ഐശ്വര്യ ചൈൽഡ് ലൈനിലും നൽകി.
ഇതേത്തുടർന്ന് ചെങ്ങന്നൂർ പോലീസ് എത്തി കേസെടുത്തു. ചൂരലു കൊണ്ട് തുടയിലും, വയറിലും കൈകാലുകളിലുമായി പത്തിൽപ്പരം അടിയുടെ പാടുകൾ കാണാൻ സാധിക്കും. പോലീസ് വാർഡ് അംഗത്തിൽ നിന്നും മൊഴിയെടുത്തിട്ടുണ്ട്.
ലോക് ഡൗൺ ലംഘിച്ചതിനും ജൂവനൈൽ നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. അതേസമയം കുട്ടി പഠിത്തത്തിൽ ഉഴപ്പു കാണിക്കുകയാണെങ്കിൽ അവനു നല്ല തല്ലു കൊടുത്തേക്കാൻ നേരത്തെ കുട്ടിയുടെ അച്ഛൻ തന്നോട് പറഞ്ഞിരുന്നുവെന്നും ഗുണനപ്പട്ടിക രണ്ടാഴ്ചമുമ്പ് പഠിക്കാൻ ഏൽപ്പിച്ചിട്ടും പഠിക്കാതെ വന്ന് തെറ്റിച്ചതിനാൽ ആണ് കുട്ടിയെ അടിച്ചതെന്നും അധ്യാപകൻ പറഞ്ഞു.