
കോട്ടയം: കൊലയാളിയെ കണ്ടെത്തൻ പോലീസിനെ സഹായിച്ചത് പെട്രോൾ പന്പിലെ സിസിടിവി ദൃശ്യങ്ങൾ. ദന്പതികളുടെ വീട്ടിലെ കാർ അധികമായി ഉപയോഗിച്ചിരുന്നില്ല. രോഗബാധിതനായിരുന്ന സാലി വാഹനം ഡ്രൈവ് ചെയ്തിരുന്നുമില്ല.
മിക്കപ്പോഴും ആശുപത്രികളിൽ ഉൾപ്പെടെ പോകുന്നതിനാണ് മാത്രമാണ് ഇവർ കാർ ഉപയോഗിച്ചിരുന്നതെന്ന് വിവരം ലഭിച്ചതോടെ പോലീസ് ഒരു കാര്യം ഉറപ്പിച്ചു.
കാറിൽ കുറച്ചു ദുരം മാത്രം പോകാനുള്ള പെട്രോൾ മാത്രമേ കാണു. ഇതോടെ സമീപത്തെ നിശ്ചിത ദൂരത്തിലോയുള്ള പെട്രോൾ പന്പിൽ കയറി കാറുമായി കടന്നയാൾ പെട്രോൾ അടിച്ചിട്ടുണ്ടാകുമെന്ന് ഉറപ്പിച്ചു. തുടർന്നു പോലീസ് പെട്രോൾ പന്പിലെ സിസിടിവി ദൃശ്യങ്ങൾ തേടിയിറങ്ങുകയായിരുന്നു.
പോലീസിന്റെ ഈ നിഗമനം വിജയത്തിലെത്തി. വിശദമായി നടത്തിയ പരിശോധയിൽ കാറുമായി കടന്നയാൾ കുമരകം ചെങ്ങളത്തുള്ള പെട്രോൾ പന്പിലുള്ള എത്തി പെട്രോൾ അടിക്കുന്നതിന്റെ ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു.
ഇതോടെ പോലീസ് കൃത്യമായ കൊലയാളിയിലേക്ക് എത്തുകയായിരുന്നു. കാർ എറണാകുളം ഭാഗത്തേക്കു കടന്നപ്പോൾ തന്നെ കൊലയാളി എറണാകുളം കേന്ദ്രീകരിക്കുന്നയാളാണെന്ന് നിഗമനവും പോലീസിനുണ്ടായിരുന്നു.
കേസ് അന്വേഷിക്കുന്നതിനായി പുതിയതായി നിയോഗിച്ച സംഘത്തെ അഞ്ചായി തിരിച്ചിരുന്നു. ഓരോ സംഘത്തിനും വ്യത്യസ്തമായ ചുമതലകളാണ് നല്കിയിരുന്നത്. മൂന്നു സിഐമാരുടെയും രണ്ടു ഡിവൈഎസ്പിമാരുടെയും നേതൃത്വത്തിലാണ് അന്വേഷണ സംഘത്തെ വിഭജിച്ചിരുന്നത്.
ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗിരീഷ് പി. സാരഥി, കോട്ടയം ഡിവൈഎസ്പി ആർ. ശ്രീകുമാർ, കോട്ടയം വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണ്, കുമരകം എസ്എച്ച്ഒ ബാബു സെബാസ്റ്റ്യൻ, പാന്പാടി എസ്എച്ച്ഒ യു. ശ്രീജിത്ത് കടുത്തുരുത്തി എസ്ഐ ടി.എസ്. റെനീഷ്, കോട്ടയം വെസ്റ്റ് എസ്ഐ ടി. ശ്രീജിത്ത് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
അന്വേഷണം ആരംഭിച്ചപ്പോൾ മുതൽ രാപകൽ വ്യത്യാസമില്ലാതെ ജില്ലയിലും സമീപ ജില്ലകളിലുമായി സംഘത്തിൽപ്പെട്ടവർ അന്വേഷണത്തിലായിരുന്നു.