കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളത്തിന്റെ പ്രതിനിധിയായ കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസൺ മുതൽ കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയം ഹോംഗ്രൗണ്ടാക്കും. ഇതോടെ കൊച്ചി നെഹ്റു സ്റ്റേഡിയം വിടാനുള്ള സാധ്യതയുമേറി. നഗരസഭയുമായി നിലനിന്നിരുന്ന പ്രശ്നങ്ങളും വലിയ വാടകയുമാണ് ടീമിനെ ഇത്തരത്തിലൊരു തീരുമാനത്തിലെത്തിച്ചത്.
ക്ലബിന്റെ ഹോം ഗ്രൗണ്ട് എത്രയും പെട്ടെന്ന് കോഴിക്കോടേക്ക് മാറ്റാനാണ് തീരുമാനം. ഇതു സംബന്ധിച്ച് ഇന്നലെ കോഴിക്കോട് കോര്‍പ്പറേഷനില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടന്നു.
കോഴിക്കോട് നോര്‍ത്ത് എംഎല്‍എ പ്രദീപ് കുമാര്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, ബ്ലാസ്റ്റേഴസ് പ്രതിനിധികളായ മുഹമ്മദ് റഫീക്, സിദ്ധാര്‍ഥ് തുടങ്ങിയവരാണ് ആദ്യഘട്ട ചര്‍ച്ചയില്‍ പങ്കെടുത്തത്.
എഎഫ്സി ലൈസന്‍സിനും അനുയോജ്യമായ രീതിയില്‍ സ്റ്റേഡിയം പുതുക്കേണ്ടി വരും. ഇതിന് കേരള ബ്ലാസ്റ്റേഴ്സും കോഴിക്കോട് കോര്‍പ്പറേഷനും തമ്മില്‍ ധാരണയായിട്ടുണ്ട്. ഇതിന് പുറമെ ഗ്രൗണ്ടിലെ ഫ്ളഡ് ലൈറ്റ് കുറ്റമറ്റതാക്കുന്നതിനും പുതുതായി ഏര്‍പ്പെടുത്തേണ്ട സൗകര്യങ്ങളും ബ്ലാസ്റ്റേഴ്സ് തീരുമാനിക്കും.
നിലവിൽ ഐലീഗ് ക്ലബ് ഗോകുലം എഫ്സിയുടെ ഹോം ഗ്രൗണ്ട് കൂടിയാണ് കോർപറേഷൻ സ്റ്റേഡിയം. അങ്ങനെയെങ്ങിൽ ഐഎസ്എൽ മത്സരങ്ങൾക്കും ഐ-ലീഗ് മത്സരങ്ങൾക്കും സ്റ്റേഡിയം വേദിയാകും.
സീസൺ തുടങ്ങുന്നതിന് മുമ്പ് ഗ്രൗണ്ട് നവീകരിച്ച് കൂടുതൽ ആകർഷകമാക്കും.
ഗ്രൗണ്ടിൽ നിലവിലുള്ള ഫ്ളഡ് ലെറ്റ് അപ്ഡേഷൻ, ഗ്രൗണ്ടിലും പവലിയനിലും സിസിടിവി, വൈഫൈ സ്ഥാപിക്കുക, ഗ്രൗണ്ടിൽ മഴവെള്ളം ഒഴിഞ്ഞുപോകുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ നടത്തുക തുടങ്ങിയ കാര്യങ്ങളാണ് അടുത്ത സീസൺ തുടങ്ങുന്നതിന് മുമ്പ് പൂർത്തിയാക്കുക.