ചെറായി: കോവിഡ് കാലത്തും കൂട്ടുപിരിയാതെ കഴിയുകയാണ് കുട്ടിപ്പാപ്പാനായ കണ്ണനും അവന്റെ അരുമയായ കരിവീരന് ഉണ്ണിക്കൃഷ്ണനും. ചെറായി രക്തേശ്വരി റോഡിനു സമീപത്തുള്ള പറമ്പില്‍ ചെന്നാല്‍ കാണാം മൂന്നു മാസങ്ങളായി തുടരുന്ന ഇവരുടെ ചങ്ങാത്തത്തിന്റെ കാഴ്ചകള്‍.
ലോക്ക് ഡൗണിനെ തുടര്‍ന്ന് പൂരവും മറ്റും ഉപേക്ഷിക്കപ്പെട്ടതോടെ പണിയില്ലാതായെങ്കിലും ഉണ്ണിക്കൃഷ്ണനെ പിരിഞ്ഞിരിക്കാന്‍ പൊതുവെ ആനപ്രേമിയായ പാപ്പാന് കണ്ണനായില്ല. ഇതേ തുടര്‍ന്ന് ഉടമയായ കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് സ്വദേശി ഗഫൂറിന്റെ അനുവാദത്തോടെ കണ്ണന് ഉണ്ണിക്കൃഷ്ണനെ തന്റെ സ്വദേശമായ ചെറായിലേക്ക് കൊണ്ട് വരുകയായിരുന്നു.
ദിവസവും ആനയെ കുളിപ്പിക്കുക, ഭക്ഷണം കൊടുക്കുക, വേണ്ട നേരം വെള്ളം കൊടുക്കുക ഇതൊക്കെയാണ് കണ്ണന്റെ പതിവ് പരിപാടികള്‍. ഒന്നും രണ്ടും പാപ്പാന്മാരായ ആയിഷും, അഖിലും കണ്ണനു സഹായിയായി ഉണ്ട്.
ഇവരുടെ ആനപ്രേമികളായ കുറെ സൃഹൃത്തുക്കളും നാട്ടുകാരും ഒപ്പമുണ്ട്. തീറ്റ കൊടുത്തു കഴിഞ്ഞാല്‍ അല്‍പ്പം കളി തമാശകളുമായി കണ്ണന് ഉണ്ണിക്കൃഷ്ണന്റെ അടുത്തു കഴിച്ചുകൂട്ടും. പിന്നെ ഉണ്ണിക്കൃഷ്ണന്റെ സാന്നിധ്യത്തില്‍ തന്നെ മാറിയിരിന്ന് കൂട്ടുകാരുമായി സല്ലപിക്കും.
രാവിലെ മുതല്‍ രാത്രി കിടക്കുന്നത് വരെ കഴിഞ്ഞ മൂന്ന് മാസമായി കണ്ണന്റെ സ്ഥിരം പരിപാടിയിതാണ്. പട്ടയും മറ്റു ഭക്ഷണ സാധനങ്ങളും ഉടമ എത്തിച്ചു കൊടുക്കുന്നുണ്ട്.
പത്താം ക്ലാസ് വരെ പഠിച്ച കണ്ണന് പഠിക്കുന്ന കാലത്തു തന്നെ ആനക്കമ്പം മൂത്ത് ആനകളുടെ പിന്നാലെയായിരുന്നു നടപ്പ്. ഇപ്പോള്‍ കഴിഞ്ഞ നാലുവര്‍ഷമായി ഈ 19കാരനാണ് ഉണ്ണിക്കൃഷ്ണനെ മുന്നില്‍ നിന്നും നയിക്കുന്ന ഒന്നാം പാപ്പാന്.