മുക്കം: തുടക്കം മുതൽ വിവാദത്തിലായ കൊച്ചി- മംഗലാപുരം പ്രകൃതി വാതക പൈപ്പ് ലൈൻ പ്രവൃത്തി 99 ശതമാനവും പൂർത്തിയായി കമ്മീഷൻ ചെയ്യാൻ കാത്തിരിക്കേ ഇനിയും വിവാദമടങ്ങിയില്ല.
പിണറായി സർക്കാരിന്റെയും ഉമ്മൻ ചാണ്ടി സർക്കാരിന്റെയും കാലത്ത് നിരവധി സമരങ്ങളാണ് പദ്ധതിക്കെതിരെ നടന്നത്. എന്നാൽ ആയിരക്കണക്കിന് ആളുകൾക്ക് ഉപകാരപ്രദമായ പദ്ധതി പൂർത്തിയായതോടെ ഇതിന്റെ പിതൃത്വം ഏറ്റെടുക്കാനുള്ള ശ്രമങ്ങളാണിപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഫേസ് ബുക്ക് പോസ്റ്റാണിപ്പോൾ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. പദ്ധതിയുടെ 90 ശതമാനവും പൂർത്തിയാക്കിയത് യുഡിഎഫ് ആണന്നാണ് പോസ്റ്റിൽ പറയുന്നത്.
വാതക പൈപ്പ് ലൈന്‍ പൊട്ടിത്തെറിക്കുമെന്ന് പ്രചരിപ്പിച്ച് നാടിനെ ഭയാശങ്കയിലാക്കി പ്രക്ഷോഭം നടത്തിയവരാണ് ഇപ്പോള്‍ തങ്ങളുടെ ഏറ്റവും അഭിമാനകരമായ നേട്ടമായി ഗെയില്‍ പദ്ധതിയെ കൊണ്ടാടുന്നത്.
പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു നേട്ടമായി ഉയര്‍ത്തിപ്പിടിക്കുന്നത്, യുഡിഎഫ് 90 ശതമാനം പൂര്‍ത്തിയാക്കിയ ഗെയില്‍ പദ്ധതിയാണ്.
മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലും ലേഖനത്തിലും സിപിഎം പ്രചാരണത്തിന് സര്‍ക്കാര്‍ അച്ചടിച്ചു നല്കുന്ന ലഘുലേഖയിലും സോഷ്യല്‍ മീഡിയയിലും ഈ നേട്ടമാണ് ഉയര്ത്തിപ്പിടിക്കുന്നതന്നും പോസ്റ്റിൽ പറയുന്നു. എന്നാല്‍ യുഡിഎഫ് ഭരണകാലത്ത് സിപിഎം ഇതിനെതിരേ നടത്തിയ വ്യാപകമായ പ്രചാരണവും പ്രക്ഷോഭവും അവര്‍ മറന്നു.
ഗെയില്‍ വാതക പൈപ്പ് ലൈനിനെതിരേ സിപിഎം പ്രക്ഷോഭത്തിലേക്ക് എന്ന തലക്കെട്ടോടെ ഇറങ്ങിയ നോട്ടീസില്‍ നാടിന്റെ പൂര്‍ണ രക്ഷയ്ക്കായി സിപിഎം പ്രതിരോധ സമരം തുടങ്ങുകയാണെന്നു പറയുന്നതായും പറയുന്ന ഉമ്മൻ ചാണ്ടി സിപിഎം നേതൃത്വത്തിൽ നടന്ന സമരത്തിന്റെ പോസ്റ്ററും പോസ്റ്റ് ചെയ്തിട്ടുണ്ട്.
സിപിഎമ്മിന്റെയും അവരോടൊപ്പം ചേര്‍ന്ന ചില തീവ്രസംഘടനകളുടെയും ശക്തമായ എതിര്‍പ്പിനെ മറികടന്നും ഗെയില്‍ വാതക പൈപ്പ് ലൈനിന് ആവശ്യമായ സ്ഥലം ഉപയോഗിക്കാന്‍ 90 ശതമാനം പേരില്‍ നിന്നും യുഡിഎഫ് അനുമതി നേടിയിരുന്നു.
28 സ്റ്റേഷനുകള്‍ക്ക് സ്ഥലമെടുപ്പ് വേണ്ടിയിരുന്നതില്‍ 15 ഉം യുഡിഎഫ് പൂര്‍ത്തിയാക്കിയതായും ഉമ്മൻ ചാണ്ടിയുടെ ഫേസ് ബുക്ക് പോസ്റ്റിലുണ്ട്. യുഡിഎഫ് പദ്ധതി ലക്ഷ്യത്തിലെത്തിക്കുമെന്നു വ്യക്തമായപ്പോഴാണ് സിപിഎം വ്യാജപ്രചാരണവും പ്രക്ഷോഭവുമായി രംഗത്തിറങ്ങിയതന്നും ആ പദ്ധതി ഇപ്പോള്‍ എല്‍ഡിഎഫ് മുന്നോട്ടുകൊണ്ടുപോകുന്നതില്‍ സന്തോഷമുണ്ടന്നും ഉമ്മൻ ചാണ്ടി തന്റെ പോസ്റ്റിലൂടെ പറയുന്നുണ്ട്.
നാഷണല്‍ ഗ്യാസ് നെറ്റ് വര്‍ക്കില്‍ കൊണ്ടുവരാന്‍ കൊച്ചിയില്‍ നിന്ന് മംഗലൂരുവിലേക്കും കോയമ്പത്തൂരിലേക്കുമുള്ള വാതക പൈപ്പ് ലൈന്‍ പദ്ധതി 2007ലാണ് ആരംഭിക്കുന്നത്. ഇത് പൂര്‍ത്തിയാകുമ്പോള്‍ വാതകരൂപത്തിലുള്ള ഗ്യാസ് ഉപഭോക്താക്കള്‍ക്ക് നേരിട്ട് എത്തിക്കാന്‍ സാധിക്കുമെന്ന് പദ്ധതിയുടെ നേട്ടം കൂടി പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
ഉമ്മൻ ചാണ്ടിയുടെ ഈ പോസ്റ്റോടുകൂടി പ്രതിരോധത്തിലായത് സമരസമിതിയിലെ യുഡിഎഫ് നേതാക്കൾ തന്നെയാണ്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി.ചെറിയ മുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു ഗെയിൽ പദ്ധതിക്കെതിരെ സമരം നടന്നത്.