
തിരുവനന്തപുരം: മദ്യം കുടിപ്പിച്ച ശേഷം യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ഭർത്താവും സുഹൃത്തുക്കളും കസ്റ്റഡിയിൽ. യുവതിയുടെ ഭർത്താവ് അൻസാറിനെയും ഇയാളുടെ മൂന്ന് സുഹൃത്തുക്കളെയുമാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് ഉടനുണ്ടായേക്കും.
സംഭവത്തിൽ കൂടുതൽ പേർ അറസ്റ്റിലായേക്കുമെന്നും പോലീസ് അറിയിച്ചു. ഗുരുതരപരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിയെ ചികിത്സയ്ക്കു ശേഷം വീട്ടിലേക്ക് മാറ്റിയിട്ടുണ്ട്.
തിരുവനന്തപുരം കഠിനംകുളത്തായിരുന്നു സംഭവം. വ്യാഴാഴ്ച വൈകുന്നേരം നാലോടെ ഭർത്താവ് യുവതിയെ പുതുക്കുറിച്ചിയിലെ സുഹൃത്തിന്റെ വീട്ടിലെ ത്തിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി.
ഇവിടെനിന്ന് ഇറങ്ങിയോടിയ യുവതി ഒരു വാഹനത്തിന് കൈകാണിച്ചു. ഇതോടെ നാട്ടുകാർ വിവരം അറിയുകയും കണിയാപുരത്തുള്ള യുവതിയുടെ വീട്ടിൽ എത്തിക്കുകയുമായിരുന്നു.
അബോധാവസ്ഥയിലായ യുവതിയെ പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.