തിരുവനന്തപുരം: കേരളത്തിലെ ലക്ഷക്കണക്കിനു പാവപ്പെട്ടവര്‍ക്ക് ആശ്രയമായിരുന്ന കാരുണ്യ ചികിത്സാ പദ്ധതിയെ ഇല്ലാതാക്കാനുള്ള നീക്കം ഏറെ വേദനാജനകമാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
100 കോടിയോളം രൂപ കുടിശിക ആയതിനെ തുടര്‍ന്ന് ധനവകുപ്പ് കാരുണ്യ ചികിത്സാ പദ്ധതിയെ കൈവിട്ടു. കാരുണ്യ ബെനവലന്റ് ഫണ്ട് പ്രകാരമുള്ള എല്ലാ ചികിത്സാ സഹായവും മേയ് 31ന് അവസാനിപ്പിച്ചുകൊണ്ട് ധനവകുപ്പ് ഉത്തരവിറങ്ങി.
യുഡിഎഫിന്റെ കാലത്ത് കാരുണ്യ ലോട്ടറിയില്‍ നിന്നുള്ള വരുമാനം കൊണ്ട് സുഗമമായി നടന്ന പദ്ധതിയാണിത്. കാരുണ്യലോട്ടറിയില്‍ നിന്നുള്ള വരുമാനം ധനവകുപ്പ് ഏറ്റെടുത്തതാണ് പ്രശ്നത്തിന്റെ കാതല്‍. അതു കാരുണ്യ ലോട്ടറിക്കു മാത്രമായി അടിയന്തരമായി പുനഃസ്ഥാപിക്കണം.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ അന്നു മുതല്‍ ഈ പദ്ധതിയോട് തികഞ്ഞ ചിറ്റമ്മ നയമാണ് സ്വീകരിച്ചത്. ആദ്യം കേന്ദ്രത്തിന്റെ ആയുഷ്മാന്‍ ഭാരത് ഇന്‍ഷ്വറന്‍സുമായി ലയിപ്പിച്ച് കാരുണ്യയുടെ നടത്തിപ്പ് 2019 ഏപ്രില്‍ ഒന്നിനു റിലയന്‍സ് ഇന്‍ഷ്വറന്‍സിനു നല്കി.
പക്ഷേ, സാമ്പത്തികമായി പൊളിഞ്ഞ റിലയന്‍സ് കാരുണ്യ പദ്ധതിയുമായി മുന്നോട്ടുപോയില്ല. ആശുപത്രികള്‍ക്കും രോഗികള്‍ക്കും പണം മുടങ്ങി-അദ്ദേഹം ആരോപിച്ചു.