കോട്ടയം: കോട്ടയം ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നു കെഎസ്ആർടിസി അടുത്ത ജില്ലകളിലേക്ക് സർവീസുകൾ തുടങ്ങി. ബസിലെ മുഴുവൻ സീറ്റുകളിലും യാത്രക്കാരെ ഇരുത്തി യാത്ര ചെയ്യാനുള്ള അനുമതിയുണ്ട്. അതേസമയം ബസിൽ യാത്രക്കാർക്കു നിന്നു യാത്ര ചെയ്യാൻ അനുമതിയില്ല.
ബസുകൾ ഓടിത്തുടങ്ങിയെങ്കിലും യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവാണുള്ളത്. ഇതു ബസുകളുടെ കളക്ഷനെയും ബാധിച്ചിട്ടുണ്ട്. രാവിലെ അഞ്ചിനു ബസുകൾ സർവീസ് ആരംഭിച്ചു രാത്രി ഒന്പതിനു ഡിപ്പോയിൽ സർവീസ് അവസാനിപ്പിക്കുന്ന രീതിയിൽ നിലവിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
എല്ലാ ഡിപ്പോകളിൽ നിന്നും രാവിലെയും വൈകുന്നേരവുമാണ് കൂടുതൽ ബസുകൾ സർവീസുകൾ നടത്തുന്നത്. കോട്ടയം ഡിപ്പോയിൽ നിന്നു 40 സർവീസുകളാണ് നടത്തുന്നത്. 22 ഓർഡിനറി ബസുകളും 18 ഫാസ്റ്റ് പാസഞ്ചർ ബസുകളുമാണ് കൃത്യമായ ഇടവേളകളിൽ സർവീസ് പൂർത്തിയാക്കുന്നത്.
ആലപ്പുഴ, പത്തനംതിട്ട, കുമളി, എറണാകുളം, വൈക്കം, അങ്കമാലി എന്നിവിടങ്ങളിലേക്കാണ് സർവീസുള്ളത്. അങ്കമാലി സർവീസിലാണ് ഏറ്റവും കുറഞ്ഞ കളക്ഷൻ ലഭിക്കുന്നത്. ഇതിനു പുറമെ മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കും ബസ് സർവീസ് നടത്തുന്നുണ്ട്.
പാലാ ഡിപ്പോയിൽ നിന്നു 32 സർവീസുകളാണ് അയയ്ക്കുന്നത്. എറണാകുളം, തൊടുപുഴ, മുണ്ടക്കയം, കോട്ടയം, വൈക്കം റൂട്ടുകളിലേക്കാണ് ബസുകൾ പതിവായി ട്രിപ്പുകൾ നടത്തുന്നത്. 18 ഫാസ്റ്റ് പാസഞ്ചർ ബസുകളും 14 ഓർഡിനറി ബസുകളുമാണ് സർവീസുകൾ നടത്തുന്നത്.
ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്നു കഴിഞ്ഞ ദിവസങ്ങളിലെല്ലാം തൊട്ടടുത്ത ജില്ലകളിലേക്കായി 28 സർവീസുകളാണ് നടത്തുന്നത്. തൊടുപുഴ, കട്ടപ്പന, ഉപ്പുതറ, എറണാകുളം, കോട്ടയം തുടങ്ങിയ സർവീസുകളും ഗ്രാമീണ മേഖലകളിലേക്കുമുള്ള ട്രിപ്പുകളുമാണ് നടത്തുന്നത്.
പൊൻകുന്നം ഡിപ്പോയിൽ നിന്ന് 21 സർവീസുകളാണ് നടത്തുന്നത്. 15 ഓർഡിനറി ബസുകളും ആറ് ഫാസ്റ്റ് പാസഞ്ചർ ബസുകളുമാണ് സർവീസ് നടത്തുന്നത്. കോട്ടയം- കട്ടപ്പന, അങ്കമാലി-പൊൻകുന്നം, മുണ്ടക്കയം – കോട്ടയം എന്നി റൂട്ടുകളിലാണ് സർവീസ് നടത്തിയത്. അങ്കമാലി സർവീസുകൾ താൽക്കാലികമായി നടത്തിയതാണ്.
എരുമേലി ഡിപ്പോയിൽ നിന്ന് അഞ്ചു ഫാസ്റ്റുകളും 13 ഓർഡിനറി ബസുകളുമാണ് സർവീസ് നടത്തുന്നത്. എറണാകുളം വൈറ്റിലയിലേക്കാണ് ഫാസ്റ്റ് പാസഞ്ചർ സർവീസ് നടത്തുന്നത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലേക്കാണ് ഓർഡിനറി ബസുകൾ സർവീസ് നടത്തുന്നത്.
വൈക്കം ഡിപ്പോയിൽ നിന്ന് 27 ബസുകളാണ് സർവീസ് നടത്തുന്നത്. ഇതിൽ 20 ബസുകൾ ഓർഡിനറിയും ഏഴെണ്ണം ഫാസ്റ്റ് പാസഞ്ചർ ബസുകളുമാണ്. ആലപ്പുഴ, കോട്ടയം എറണാകുളം, പാലാ, കുത്താട്ടുകുളം, കോതമംഗലം എന്നിവിടങ്ങളിലേക്കാണ് നിശ്ചിത ഇടവേളകളിൽ സർവീസുള്ളത്.
ചങ്ങനാശേരി കെഎസ്ആർടിസി ഡിപ്പോയിൽ നിന്നു തിരുവല്ല, ആലപ്പുഴ, കുമളി, കട്ടപ്പന റൂട്ടുകളിൽ ബസ് സർവീസുകൾ ആരംഭിച്ചു. യാത്രക്കാർ ഏറെയുള്ള രാവിലെയും വൈകുന്നേരവുമാണ് കൂടുതൽ സർവീസുകൾ നടത്തുന്നത്. ആലപ്പുഴയ്്ക്കു ഫാസ്റ്റ് പാസഞ്ചർ ബസുകളും ഓർഡിനറി സർവീസുകളും സർവീസ് നടത്തുന്നുണ്ട്.