കോഴിക്കോട്: അനധികൃതമായി വില്ക്കാന് ശ്രമിക്കുന്നതിനിടെ പോലീസ് പിടികൂടിയ വജ്രത്തിന്റെ മൂല്യം കോടികള്‍. കഴിഞ്ഞ ദിവസം ടൗണ്‍ പോലീസ് പിടികൂടിയ 5.3 ഗ്രാം തൂക്കമുള്ള പച്ച വജ്രക്കല്ലിനാണ് കോടികള്‍ വിലമതിക്കുന്നതായി പോലീസിന് വിവരം ലഭിച്ചത്.
ഒന്നര സെന്റീമീറ്ററുള്ള വജ്രം അപൂര്‍മായാണ് കാണാറുള്ളതെന്ന് ഇതിന് കോടികള്‍ വിലമതിപ്പുണ്ടെന്നുമാണ് വജ്രവ്യാപാരികളുമായി ബന്ധപ്പെട്ടപ്പോള്‍ പോലീസിന് ബോധ്യമായത്. യൂറോപ്യന്‍ മോഡല്‍ രത്നമായ അലക്സാഡ്രൈറ്റാണിതെന്നാണ് പറയുന്നത്.
അതേസമയം വജ്രം വില്ക്കാന് ശ്രമിച്ച മലപ്പുറം വേങ്ങര ഊരകം കാപ്പില്‍ താജ്മഹല്‍ ഹൗസില്‍ എം. അബ്ദുറഹ്മാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മതിയായ രേഖകളില്ലാത്തതിനെ തുടര്‍ന്നാണ് അബ്ദുറഹ്മാനെതിരേ പോലീസ് കേസെടുത്തത്.
വജ്രം എവിടെ നിന്നാണ് കൊണ്ടുവന്നതെന്നോ ഇതിന്റെ യഥാര്‍ഥ മൂല്യം എത്രയാണെന്നത് സംബന്ധിച്ചോ അബ്ദുറഹ്മാന് അറിവുണ്ടായിരുന്നു. കേസിലെ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്നത് അബ്ദുറഹ്മാന് വജ്രം നല്കിയ മലപ്പുറം സ്വദേശി ഷമീറാണ്. ഷമീര്‍ ഇപ്പോള്‍ ഒളിവിലാണുള്ളത്.
14 ലക്ഷം രൂപയ്ക്കാണ് ഷമീര്‍ വജ്രം അബ്ദുറഹ്മാന് വിറ്റത്. അബ്ദുറഹ്മാന് 9.5 ലക്ഷം രൂപ ഷമീറിന് നല്‍കിയിട്ടുണ്ട്. അതേസമയം ഷമീര്‍ എറണാകുളം സ്വദേശിയില്‍ നിന്ന് വജ്രം കൈക്കലാക്കി രക്ഷപ്പെട്ടുവെന്നാണ് പോലീസ് പറയുന്നത്.
ഇത് സംബന്ധിച്ചുള്ള പരാതിയില്‍ മലപ്പുറം പോലീസും ഷമീറിനെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. 60 ലക്ഷം നല്‍കാമെന്ന് പറഞ്ഞാണ് ഷമീര്‍ വജ്രം കൈക്കലാക്കുന്നത്. ഇത് പിന്നീട് അബ്ദുറഹ്മാന് 14 ലക്ഷം രൂപയ്ക്ക് നല്‍കുകയായിരുന്നു.
ഷമീറിനെ വരും ദിവസങ്ങളില്‍ പിടികൂടാനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം വിലകൂടിയ വജ്രമായതിനാല് കോടതിയില്‍ ഹാജരാക്കിയ ശേഷം സൂക്ഷിക്കാനായി ട്രഷറിയിലേക്ക് കൈമാറിയിട്ടുണ്ട്.