കൊച്ചി: കോവിഡ് രോഗവ്യാപനം കാരണം വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയവരെ ഇന്ത്യയിലേയ്ക്കെത്തിക്കുന്ന വന്ദേഭാരത് മിഷന്റെ ഭാഗമായി കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍നിന്നുള്ള എയര്‍ ഇന്ത്യ വിമാനം ഇന്ന് കൊച്ചിയിലെത്തും. രാത്രി 7.45 നാണ് യാത്രികരുമായി വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലെത്തുക.
ഇതിനുപുറമേ ഈ മാസം വിയറ്റ്നാമില്‍നിന്നും കെയ്റോയില്‍നിന്നും ഫിലിപ്പീന്‍സില്‍നിന്നും ലണ്ടനില്‍നിന്നും ഉള്‍പ്പെടെ വിമാനങ്ങൾ കൊച്ചിയിലെത്തും. വിയറ്റ്നാമില്‍നിന്ന് ഏഴിനും കെയ്റോയില്‍നിന്ന് 16 നും യുക്രൈനിലെ കീവില്‍നിന്ന് 19നും ലണ്ടനില്‍നിന്ന് 22നും ഫിലിപ്പീന്‍സിലെ സെബുവില്നിന്ന് 23നും എയര്‍ ഇന്ത്യ വിമാനങ്ങള്‍ കൊച്ചിയിലെത്തും.
മാള്‍ട്ടയില്‍നിന്ന് എയര്‍ മാള്‍ട്ട ഒമ്പതിനും ലണ്ടനില്‍നിന്ന് ബ്രിട്ടീഷ് എയര്‍വേയ്സ് 10നും കൊച്ചിയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയവരെ ഇന്ത്യയിലേയ്ക്കെത്തിക്കുന്ന പദ്ധതിയില്‍ ഇതുവരെ പതിനായിരത്തോളം പ്രവാസികളാണു കൊച്ചി വിമാനത്താവളത്തിലെത്തിയത്.
കഴിഞ്ഞ മേയ് ഏഴിനാണ് വന്ദേഭാരത് മിഷന് തുടക്കമായത്. ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട രാജ്യത്തെ ആദ്യവിമാനം എത്തിയത് കൊച്ചിയിലാണ്. മെയ് 31 വരെ ഗള്‍ഫ്, യുണൈറ്റഡ് സ്റ്റേസ്, യൂറോപ്പ്യന്‍ യൂണിയന് എന്നിവിടങ്ങളില്‍നിന്ന് 8,554 പ്രവാസികളെത്തി.
എയര്‍ ഇന്ത്യ എക്സ്പ്രസ്, എയര്‍ ഇന്ത്യ എന്നീ എയര്‍ലൈനുകള്‍ മാത്രം 48 സര്‍വീസുകള്‍ നടത്തി. ഗള്‍ഫ് രാജ്യങ്ങളെക്കൂടാതെ സാന്‍ഫ്രാന്‍സിസ്കോ, കീവ്, യെരെവന്‍ എന്നിവിടങ്ങളില്‍നിന്ന് ഡല്‍ഹി/മുബൈ വിമാനത്താവളങ്ങള്‍ വഴിയും എയര്‍ ഇന്ത്യ സര്‍വീസുകള്‍ നടത്തിയിരുന്നു.
സ്വിറ്റ്സര്‍ലന്‍ഡ്, ബ്രിട്ടന്, മാലി, ഒമാന്‍, ഖത്തര്‍, ബഹ്റിന് എന്നീ രാജ്യങ്ങള്‍ കേരളത്തിലുണ്ടായിരുന്ന അവരുടെ പൗരന്മാരെ മടക്കിക്കൊണ്ടുപോയി. ആയിരത്തോളംപേരാണ് ഇത്തരത്തിൽ കൊച്ചിവഴി മടങ്ങിപ്പോയത്.