സ്വന്തംലേഖകൻ
തൃശൂർ: വഞ്ചിക്കുളത്തിലെ പച്ചപ്പ് വകഞ്ഞുമാറ്റിയുള്ള ബോട്ട് സവാരിയുടെ കാത്തിരിപ്പിന് ഇനിയും എത്ര നാൾ. പരിസ്ഥിതി ദിനത്തെ പച്ചപ്പിലെത്തിക്കുന്ന ചണ്ടി മാത്രമാണിപ്പോൾ വഞ്ചിക്കുളത്തിന്റെ ഭംഗി. കഴിഞ്ഞ മാർച്ചിൽ പൂർത്തിയാകേണ്ട പദ്ധതിക്ക് ഇനിയും എത്രനാൾ വേണ്ടി വരുമെന്നതു കാത്തിരുന്നുതന്നെ കാണേണ്ടി വരും.
തൃശൂർ കോർപറേഷനുമായി ചേർന്ന് സംസ്ഥാന ടൂറിസം വകുപ്പാണ് ബോട്ട് സവാരി, നടപ്പാത, സൈക്കിൾ ട്രാക്ക് തുടങ്ങി വിപുലമായ സൗകര്യങ്ങളോടെ ന്ധവഞ്ചിക്കുളം നേച്ചർ പാർക്ക്’ പദ്ധതിക്കു തുടക്കമിട്ടത്. രണ്ടുവർഷം മുന്പ് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
തൃശൂർ കോർപറേഷന്റെ രണ്ടുകോടിയും ടൂറിസം വകുപ്പിന്റെ മൂന്നുകോടിയും കേന്ദ്രസർക്കാരിന്റെ അമൃത് പദ്ധതിയിൽനിന്ന് ഒരു കോടിയും ഉൾപ്പെടെ ആറുകോടിയുടെ വികസന പ്രവൃത്തികളാണു വഞ്ചിക്കുളത്തിന്റെ നവീകരണത്തിനായി ഉപയോഗിക്കുന്നത്.
പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചെങ്കിലും പദ്ധതി ഇപ്പോഴും പാതിവഴിയിൽതന്നെ നിൽക്കുകയാണ്. മൂന്നു മാസം കൊണ്ട് നിർമാണം പൂർത്തിയാക്കി പാർക്ക് തുറന്നു കൊടുക്കാനാണു ലക്ഷ്യമിടുന്നതെന്ന് കഴിഞ്ഞ ജനുവരിയിൽ വിനോദ സഞ്ചാര വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ജി. ശ്രീകുമാർ വ്യക്തമാക്കിയിരുന്നു.
കോവിഡ് വന്നതോടെ പദ്ധതിയുടെ പ്രവർത്തനം തത്കാലം നിർത്തിവയ്ക്കേണ്ടി വന്നു. ആദ്യ ഘട്ടത്തിൽ കനാലിന്റെ വടൂക്കര പാലം വരെയുള്ള 2.5 കിലോ മീറ്റർ പാതയിൽ ബോട്ട് സവാരി. രണ്ടാം ഘട്ടത്തിൽ കനാൽ നവീകരണം കെഎൽഡിസി കനാൽ വരെ നീട്ടും.
കനോലി കനാൽ, പുഴയ്ക്കൽ കനാൽ എന്നിവയുമായി വഞ്ചിക്കുളം കനാലിനെ ബന്ധിപ്പിക്കും. ഇതോടെ ജലയാത്ര സുഗമമാകും. കുളത്തിനു ചുറ്റുമുള്ള സ്ഥലത്ത് നടപ്പാത, പൂന്തോട്ടം, ഇരിപ്പിടങ്ങൾ എന്നിവ ഒരുക്കും. കനാലിനു കുറുകെ സ്റ്റീൽ പാലവും കനാലിനോടു ചേർന്ന് നടപ്പാതയും സജ്ജീകരിക്കും.