സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന തൃശൂർ മെഡിക്കൽ കോളജിന് രമ്യ ഹരിദാസ് എംപിയുടെ സഹായഹസ്തം വീണ്ടും.
കോവിഡ് ഐസൊലേഷൻ ഐസിയു സജ്ജമാക്കാൻ 16ലക്ഷം രൂപയാണ് രമ്യ ഹരിദാസ് എംപി നൽകാൻ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് രോഗികളുടെ എണ്ണം ദിവസേന മെഡിക്കൽ കോളജ് ആശുപത്രിയിൽ കൂടി വരികയാണ്.
കോവിഡ് സംശയലക്ഷണങ്ങളുമായി എത്തുന്നവരും വർധിച്ചിട്ടുണ്ട്.
തൃശൂർ മെഡിക്കൽ കോളജിന് ഒരു മുഴുവൻ സമയ വെന്റിലേറ്ററും ഒരു പോർട്ടബിൾ വെന്റിലേറ്ററും വാങ്ങുന്നതിന് മാർച്ച് മാസത്തിൽ എംപിയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 16 ലക്ഷം അനുവദിച്ചിരുന്നു.
എന്നാൽ ഇവ രാജ്യത്തിന് പുറത്തു നിന്നും കൊണ്ടുവരേണ്ടതായതിനാൽ എത്താനും മറ്റും കാലതാമസമെടുക്കുമെന്നും രോഗികളുടെ അടിയന്തിര ഉപയോഗത്തിന് ലഭിക്കില്ലെന്നും മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ എംപിയെ അറിയിച്ചു.
കഴിഞ്ഞ ദിവസം എംപി നൽകിയ ആർ.എൻ.എ എക്സ്ട്രാക്ഷൻ സിസ്റ്റത്തിന്റെ ഉദ്ഘാടനത്തിന് എംപിയെത്തിയപ്പോൾ ആശുപത്രി സൂപ്രണ്ട്, പ്രിൻസിപ്പാൾ എന്നിവർ ഇക്കാര്യം വീണ്ടും അറിയിച്ചു.
ആശുപത്രിയിൽ അത്യാവശ്യമായി ന്യൂറോ സർജറി വാർഡിൽ മുഴുവൻ സൗകര്യത്തോടു കൂടിയ ഐസൊലേഷൻ ഐസിയു സജ്ജമാക്കണമെന്ന് ആശുപത്രി അധികൃതർ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ന്യൂറോ സർജറി വാർഡ് 17ൽ ആറ് രോഗികൾക്ക് ചികിത്സ നൽകുന്നതിനായി എല്ലാ സംവിധാനങ്ങളോടും കൂടിയ ഐസൊലേഷൻ ഐസിയു സജ്ജമാക്കാൻ എംപി ഫണ്ട് അനുവദിച്ചത്.
ഓരോ ബെഡിലും വെന്റിലേറ്റർ ഘടിപ്പിക്കാനുള്ള സൗകര്യമടക്കം ഏറ്റവും ആധുനിക സംവിധാനത്തോടെയാണ് സജ്ജീകരണങ്ങൾ. മൂന്നാഴ്ച കൊണ്ട് പണി പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
കോവിഡ് ഭീഷണി ഒഴിഞ്ഞാൽ ഈ ഐസിയു തലയ്ക്ക് ഗുരുതരമായി പരിക്കേറ്റുവന്ന് ശസ്ത്രക്രിയക്ക് വിധേയമാകുന്നവർക്കായി ഉപയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.