പാലക്കാട്: പാലക്കാട് ജില്ലയിൽ ഇന്നലെ 40 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ആദ്യമായാണ് ഒരു ദിവസം ഇത്രയും പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നത്. 17 പേർ ഇന്നലെ രോഗവിമുക്തരായതായി. ഇപ്പോൾ 164 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്.
സന്പർക്കത്തിലൂടെ അഞ്ചുപേർക്കും വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയ 35 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് ആരോഗ്യ പ്രവർത്തകരും ഉണ്ടെന്നത് ആശങ്ക കൂട്ടുന്നു.
വാളയാർ അതിർത്തിയിൽ ആരോഗ്യപ്രവർത്തകർക്ക് രോഗബാധയുണ്ടാകാൻ കാരണം സുരക്ഷാ വീഴ്ചയാണെന്ന് ആരോഗ്യപ്രവർത്തകർതന്നെ പറയുന്നു. ഇതര സംസ്ഥാനങ്ങളിൽനിന്ന് വാളയാർ ചെക്ക് പോസ്റ്റ് വഴി ഇന്നലെ വൈകീട്ട് ആറു മണിവരെ 1,229 പേരാണ് സംസ്ഥാനത്ത് എത്തിയത്.
ജില്ലയിലെ ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ എല്ലാ വാർഡുകളും കണ്ടെയ്ൻമെന്റ് സോണ്‍ ആയി പ്രഖ്യാപിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങൾ തുടരും. മേയ് 16ന് ജില്ലാ ആശുപത്രിയിൽ തെർമൽ സ്കാനർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിൽ പങ്കെടുത്ത ആരോഗ്യപ്രവർത്തകനാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ.
ഇതേ തുടർന്ന് വി.കെ ശ്രീകണ്ഠൻ എംപി, ഷാഫി പറന്പിൽ എംഎൽഎ, ഡിഎംഒ, ജില്ലാ ആശുപത്രി സൂപ്രണ്ട് തുടങ്ങിയവരും ആരോഗ്യപ്രവർത്തകരും ക്വാറന്റൈനിലാണ്.
രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായാലും പാലക്കാട് ജില്ലാ ആശുപത്രിയിലും മാങ്ങോട് കേരള മെഡിക്കൽ കേളേജിലും ചികിത്സക്കുള്ള സൗകര്യങ്ങളുണ്ടെന്ന് കളക്ടർ ഡി.ബാലമുരളി പറഞ്ഞു.